
തിരുവനന്തപുരം: മൃഗങ്ങളിൽ നിന്നും പകരുന്ന വൈറസുകൾ കൂടുതൽ അപകടകാരികളെന്ന് വൈറോളജി രംഗത്തെ വിദഗ്ധർ. ഇത്തരം വൈറസുകൾ മനുഷ്യശരീരത്തിൽ ശക്തമായി പ്രതികരിക്കുന്നവയാണ്. ഒരിക്കൽ റിപ്പോർട്ട് ചെയ്ത വൈറസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യാനുളള സാധ്യതയുളളതിനാൽ ജാഗ്രത തുടരണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു,
കോറോണ, നിപ, എബോള, സിക എന്നിവയാണ് സമീപകാലത്ത് ഭീതിപ്പെടുത്തിയ വൈറസ് രോഗങ്ങൾ. എന്നാൽ വൈറസുകളുടെ എണ്ണം കൂടുകയല്ല, ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ വൈറസുകളെ പെട്ടെന്ന് തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ 30 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന വൈറസ് രോഗങ്ങളുടെയെല്ലാം ഉറവിടം മൃഗങ്ങളെന്നാണ് കണ്ടെത്തൽ. മനുഷ്യർ കൂടുതലായി വന്യമൃഗങ്ങളുമായി ഇടപഴകുന്ന പ്രദേശങ്ങൾ, വന്യമൃഗങ്ങളുടെ ഇറച്ചി ഭക്ഷണമായി ഉപയോഗിക്കുന്ന മേഖലകൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം അസുഖങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സാധാരണ വൈറസുകൾ ഉണ്ടാക്കുന്ന അസുഖങ്ങളേക്കാൾ മാരകമായാകും ഇവ മനുഷ്യശരീരത്തിൽ പ്രവർത്തിക്കുക. കാലം ചെല്ലുമ്പോൾ ഈ വൈറസുകൾക്ക് ജനിതക പരിണാമം വരാം. ചിലത് കൂടുതൽ തീവ്രമാകും, ചിലത് നിർവീര്യമാകും.
കൂടിയ താപനിലയിൽ വ്യാപന സാധ്യത കുറവാണ് കൊറോണ വൈറസിനുള്ളത്. അത് സംസ്ഥാനത്തിന് അനുകൂലമാണ്. നിപ രണ്ടുവർഷം തുടർച്ചയായി റിപ്പോർട്ട് ചെയ്തതുപോലെ കൊറോണ വീണ്ടും വരാനുളള സാധ്യത പൂർണ്ണമായും തളളിക്കളയാനാകില്ല. വൈറസ് രോഗങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും വാക്സിനുകളിൽ നിന്ന് അകന്ന് നിൽക്കുകയും അരുതെന്ന് വിദഗ്ധർ നിര്‍ദ്ദേശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam