'കൊവിഡ് രോഗികളുടെ വിവരചോര്‍ച്ച ആശങ്കാജനകം'; സിബിഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

By Web TeamFirst Published Apr 27, 2020, 8:16 PM IST
Highlights

പൊലീസിന്റെ അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡാറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: കാസര്‍കോടും കണ്ണൂരും കൊവിഡ് 19 രോഗബാധിതരുടെയും ക്വാറന്റീനുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്നത് ആശങ്കജനകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

'വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ചോരുന്നത് ഗൗരവമേറിയതാണ്. രോഗികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് തയ്യാറാക്കിയ സോഫ്റ്റ്‍വെയറില്‍ നിന്നാണ് പുറത്തായത്. രോഗികളായിരുന്നവരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐടി സൊല്യൂഷനില്‍ നിന്ന് ഫോണില്‍ വിളിക്കുകയുണ്ടായി. തുടര്‍ചികിത്സക്കായി എത്തണമെന്ന് ചില സ്വകാര്യ ആശുപത്രികള്‍ രോഗബാധിതരായിരുന്നവരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്'. പൊലീസിന്റെ അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡാറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാമെന്ന്' മുല്ലപ്പള്ളി പറഞ്ഞു.

'വിഷയത്തെ സര്‍ക്കാര്‍ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്നതിന് തെളിവാണ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുപോയതില്‍ അത്ഭുതപ്പെടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന. മന്ത്രി പറയുന്ന വാദങ്ങള്‍ ബാലിശമാണ്. ഡാറ്റാ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്‍പ്രിംഗ്‍ളര്‍ ഇടപാടിനെ ന്യായീകരിക്കുന്നവരില്‍ നിന്ന് സമാനപ്രതികരണം ഉണ്ടായതില്‍ ആചര്യപ്പെടാനില്ല. ഡാറ്റാ ചോര്‍ച്ചയെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് പ്രമേയം പാസാക്കിയ സിപിഎം സൗകര്യപൂര്‍വ്വം നിലപാടുകള്‍ വിസ്മരിക്കുന്നത് ശരിയല്ല' എന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

വിവരചോര്‍ച്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 രോഗബാധിതരുടെ വിവരങ്ങള്‍ ചോർന്ന സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കിയെന്ന് സൂചനയുണ്ട്. 

Read more: കൊവിഡ് ബാധിതരുടെ വിവരം ചോർന്ന സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, നടപടിക്ക് നിർദ്ദേശം

 

click me!