തിരുവനന്തപുരം: കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങള് ചോർന്ന സംഭവത്തില് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് പിന്നീട് കൊടുക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തില് നടപടിയെടുക്കണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കിയെന്നും വിവരമുണ്ട്. 

കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചിരുന്നു. സ്വകാര്യ കമ്പനികളിൽ നിന്നും ഫോൺ കോളുകൾ വന്നവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്

കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.  ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ.

Read Also: കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് പരാതി...