
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന കേസിലാണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സംഭവസമയം നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിൽ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ അതേ സ്റ്റേഷനിൽ എട്ട് പൊലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാൽ, ഡിവൈഎസ്പിമാരായ ഷംസുദ്ദീൻ, ജയിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രാജ്കുമാറിനെതിരെ വ്യാജ തെളിവുകൾ പ്രതികളുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ സിബിഐ പറയുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പൊലീസുകാരെയാണ് കേസിൽ പ്രതികളാക്കിയിരുന്നത്. ഒരു ഹെഡ് കോൺസ്റ്റബിളിനേയും ഒരു വനിതാ പൊലീസുദ്യോഗസ്ഥയേയും സിബിഐ കേസിൽ അധികമായി പ്രതി ചേർത്തു.
2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ് സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.
ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റും ചെയ്തു.
എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്. പിന്നാലെ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ജുഡീഷ്യൽ കമ്മീഷൻ നേരത്തെ തന്നെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു.
കമ്മീഷന്റെ നിർദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്തു. രാജ് കുമാറിന്റെ മരണം ന്യൂമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോർട്ട്. ആദ്യ സർജൻമാർ മനപ്പൂർവം കൃത്രിമം കാണിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി. ഒന്നര വർഷത്തിനിടെ 200 ലധികം പേരിൽ നിന്നാണ് കമ്മീഷൻ ഇടുക്കിയിലും കൊച്ചിലെ കമ്മീഷൻ ഓഫീസിൽ നിന്നുമൊക്കെയായി തെളിവെടുത്തത്. രാജ് കുമാറിന്റെ ഭാര്യ വിജയയെ സർക്കാർ സർവീസിൽ നിയമിച്ച് ഉത്തരവായത് കഴിഞ്ഞ ആഴ്ചയാണ്. ലാൻഡ് റവന്യൂ വകുപ്പിൽ ക്ലർക്കായാണ് നിയമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam