
ദില്ലി: വിദേശനാണയ ചട്ടലംഘനം നടത്തിയതിന് അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 28 ന് പരിഗണിക്കും. ദില്ലി റോസ് അവന്യൂ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ മൂന്നു സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ അറിയിച്ചു.
ചോദ്യം ചെയ്യലിൽ പുരോഗതിയുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയോട് പറഞ്ഞു. നോട്ടീസ് നൽകിയ മൂന്ന് സാക്ഷികളിൽ ഒരു സാക്ഷി അന്വേഷണ സംഘത്തെ വന്നുകണ്ടു. മറ്റു രണ്ട് പേർ പിന്നീട് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ തെളിവുകൾ തമ്പിയിൽ നിന്ന് കിട്ടിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം തമ്പിക്ക് അർബുദം കൂടാതെ തമ്പിക്ക് മൂത്രാശയ പ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 2019 ജൂൺ മുതൽ ഇതുവരെ, 60 മുതൽ 80 മണിക്കൂർ ചോദ്യം ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോൾ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നൽകണമെന്നും തമ്പിയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് പ്രതിഭാഗത്തിന് പറയാനാകില്ലെന്ന് ഇഡി വിശദീകരിച്ചു. കേസിൽ പ്രധാന പ്രതി സഞ്ജയ് ഭണ്ഡാരിക്കായി റെഡ് കോർണർ നോട്ടീസ് വരെ നൽകിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു. വാദം അംഗീകരിച്ച കോടതി ഇഡിക്ക് നാല് ദിവസത്തേക്ക് കൂടി സമയം അനുവദിക്കുകയായിരുന്നു.
റോബർട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായിട്ടാണ് അഭ്യൂഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam