കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്; ബലപ്രയോഗം നടത്തുന്നത് ദൃശ്യങ്ങളിലില്ല

Published : Jun 10, 2025, 08:21 AM ISTUpdated : Jun 10, 2025, 08:35 AM IST
Krishnakumar kidnap case

Synopsis

കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസിലെ കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാൽ ഇവർ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരിൽ ഒരു സ്ത്രീ സ്വന്തം സ്കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന കേസിന് ആസ്പദമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവന്നത്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്ലാറ്റിലേക്ക് ചർച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു.

ചർച്ചയ്ക്കിടെ വാക്കുതർക്കമുണ്ടായപ്പോൾ ഫ്ലാറ്റിലെ കെയർ ടേക്കറും റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി. തുടർന്നാണ് ഇവർ അമ്പലംമുക്കിലുള്ള ഓഫീലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാർ നൽകിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി വന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ സ്വമേധയാ കാറിൽ കയറി പോകുന്നത് കാണാം. ഒരാൾ കാറിന് പിന്നാലെ സ്വന്തം സ്കൂട്ടറിൽ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് ഇവ‍ർ എത്തുന്നത് അമ്പലംമുക്കിലുള്ള ഓഫീസിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുവിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളാണ് പിന്നീട് നടന്ന സംഭവങ്ങളിൽ ഉള്ളത്. എന്നാൽ തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികൾ നൽകിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടന്നതായ ആരോപണത്തിൽ ദിയ കൃഷ്ണയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ