ഉത്രയ്ക്ക് ആദ്യവട്ടം പാമ്പുകടിയേറ്റതിന് പിന്നാലെ സൂരജ് സ്വര്‍ണം കൈക്കലാക്കി; തെളിവ് തേടി അന്വേഷണസംഘം ബാങ്കില്‍

By Web TeamFirst Published May 27, 2020, 4:39 PM IST
Highlights

ലോക്കര്‍ പരിശോധിക്കാനായി സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ബാങ്ക് അനുമതി നല്‍കിയില്ല. 

കൊല്ലം:  ഉത്രയ്ക്ക് ആദ്യത്തെ വട്ടം പാമ്പുകടിയേറ്റ മാര്‍ച്ച് രണ്ടിന് ഭര്‍ത്താവ് സൂരജ് ബാങ്ക് ലോക്കറിലെത്തി സ്വര്‍ണ്ണമെടുത്തെന്ന് ക്രൈംബ്രാഞ്ച്. ലോക്കര്‍ പരിശോധിക്കാനായി സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ബാങ്ക് അനുമതി നല്‍കിയില്ല. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലാണ് ലോക്കർ പരിശോധനക്ക് അനുമതി നൽകാതിരുന്നതെന്ന് ഫെഡറൽ ബാങ്ക് അടൂർ ശാഖാ മാനേജർ പറഞ്ഞു. സ്വര്‍ണ്ണമെടുക്കാനായി സൂരജ് ബാങ്കിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.  

പാമ്പ് കടിയേറ്റാണ് ഉത്രയുടെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പുകടിച്ചു. വിഷം നാഡിവ്യൂഹത്തില്‍ ബാധിച്ച് മരണം സംഭവിച്ചതിനാല്‍ കടിച്ചത് മൂർഖന്‍ പാമ്പാണന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ചുവെന്നും അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോർട്ടില്‍ പറയുന്നു. 

ഇതിനിടയില്‍ പ്രതി സൂരജിന്‍റെ കുറ്റസമ്മത മൊഴിപുറത്ത് വന്നു. സ്വത്ത് മോഹിച്ച് താൻ ഉത്രയെ കൊലപ്പെടുത്തി എന്നാണ്  അന്വേഷണ സംഘത്തിന് മുന്നില്‍ സൂരജ് പറഞ്ഞത്. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പിഡിപ്പിച്ചുവെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ കൊല നടത്താൻ തീരുമാനിച്ചുവെന്നും സൂരജിന്‍റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.

Read More: 'ഞാൻ കൊന്നിട്ടില്ല', മാധ്യമങ്ങളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് മൊഴി മാറ്റി സൂരജ്

 

click me!