Bipin Rawat : മധുലികയെ ക്യാപ്റ്റൻ ബിപിൻ റാവത്ത് ജീവിതത്തിൽ ഒപ്പം കൂട്ടിയ ദിനം; ആ പഴയ വിവാഹക്ഷണക്കത്ത് ഇങ്ങനെ

By Web TeamFirst Published Dec 10, 2021, 9:59 PM IST
Highlights

കല്യാണം നടക്കുന്ന സമയത്ത് ബിപിൻ റാവത്ത് സേനയിൽ ക്യാപ്റ്റൻ ആയിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് മധുലിക ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, കൃതികയും തരിണിയും.

ദില്ലി: പൂർണ്ണ സൈനിക ബഹുമതികളോടെ ജനറൽ ബിപിൻ റാവത്തിനും (Bipin Rawat) ഭാര്യ മധുലിക റാവത്തിനും (Madhulika Rawat) രാജ്യം വിട നൽകി. ബ്രാർ സ്ക്വയർ ശ്മശാനത്തിൽ അവരുടെ ചിത എരിഞ്ഞടങ്ങിക്കഴിഞ്ഞു.  ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിക്ക് 17 ഗൺസല്യൂട്ടോടെ വിട. 1985 ഏപ്രിൽ 14നാണ് മധ്യപ്രദേശിലെ ഷാദോള്‍ സ്വദേശിയായ മധുലികയും ബിപിൻ റാവത്തും തമ്മിൽ വിവാഹിതരാകുന്നത്. അന്നത്തെ വിവാഹക്ഷണക്കത്തും ഇരുവരും ഒന്നിച്ചുള്ള ചിത്രവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 

കല്യാണം നടക്കുന്ന സമയത്ത് ബിപിൻ റാവത്ത് സേനയിൽ ക്യാപ്റ്റൻ ആയിരുന്നു. മധുലികയുടെ വീട്ടുകാർ തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് ഇങ്ങനെയാണ്. ജഗത്ജനനിയുടെ ആശിർവാദത്തോടെ ഞങ്ങളുടെ മകൾ മധുലികയുടെയും ജനറൽ ലക്ഷ്മൺ സിംഗ് റാവത്തിന്റെ മൂത്ത പുത്രൻ ക്യാപ്റ്റൻ ബിപിൻ റാവത്തിന്‍റെയും വിവാഹം ഏപ്രിൽ 14 തിങ്കളാഴ്ച നടക്കുന്നതായിരിക്കും. ദില്ലിയിലെ അശോക റോഡിൽ ആയിരുന്നു ഇവരുടെ വിവാഹ വേദി. 

രാഷ്ട്രീയ കുടുംബമായിരുന്നു മധുലിക റാവത്തിന്റേത് പിതാവ് മൃഗേന്ദ്ര സിംഗ് രണ്ട് വട്ടം കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയ ആളാണ്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. ജനറല്‍ ബിപിന്‍ റാവത്തിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ പ്രവര്‍ത്തനമേഖലയായി അവര്‍ തെരഞ്ഞെടുത്തത് ജീവകാരുണ്യ രംഗമായിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായവും, ആശ്രയവും നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പിന്നീട് ആര്‍മി ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെയും കുട്ടികളുടെയും  മറ്റ് കുടുംബാംഗങ്ങളുടെയും  ക്ഷേമത്തിനായി സ്ഥാപിച്ച ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ അധ്യക്ഷയായി.  

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എന്‍ജിഒകളില്‍ ഒന്നായ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ  നിരവധി പ്രചാരണ പരിപാടികള്‍ക്ക് മധുലിക റാവത്ത് ചുക്കാന്‍ പിടിച്ചു.  വീരമൃത്യു വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി നിരവധി സേവന പ്രവര്‍ത്തനങ്ങളും മധുലികയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയും അവര്‍ സമയം നീക്കി വച്ചു.  

ജനറല്‍ ബിപിന്‍ റാവത്ത് മധുലിക ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, കൃതികയും തരിണിയും.

വിശ്രമജീവിതം ജന്മനാട്ടിലാക്കണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മടക്കം. ഉത്തരാഖണ്ഡ‍ിലെ സൈന ഗ്രാമത്തില്‍ ഒരു വീടു വയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം തുടങ്ങിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ മധുലികയുടെ ഗ്രാമത്തില്‍ ഒരു സൈനിക സ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് എല്ലാ പിന്തുണയും ജനറൽ റാവത്ത് വാഗ്ദാനം ചെയ്തിരുന്നു. 

ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിലെ സൈന ഗ്രാമത്തിലാണ് ബിപിന്‍ റാവത്തിന്‍റെ വേരുകള്‍. ഉത്തരവാദിത്തം ഏറെയുള്ളതും തിരക്കേറിയതുമായ ഔദ്യോഗിക ജീവിതത്തിനിടയിലും ജന്മനാടുമായുളള ബന്ധം അദ്ദേഹം മുറുകെ പിടിച്ചിരുന്നു. 2023ല്‍  ഗ്രാമത്തിലേക്ക് തിരികെ എത്തുകയാണെന്നും താമസത്തിനായി ഒരു പുതിയ വീട് വയ്ക്കുമെന്നും ബിപിന്‍ റാവത്ത് അറിയിച്ചതായി അദ്ദേഹത്തിന്‍റെ  ബന്ധുക്കള്‍ പറഞ്ഞു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. നോയിഡയില്‍ വീടുണ്ടെങ്കിലും വിശ്രമ ജീവിതം ജന്മനാട്ടിലാകണമെന്ന് ബിപിന്‍ റാവത്ത് ആഗ്രഹിച്ചിരുന്നു. ഗ്രാമത്തിന്‍റെ വികസനത്തായി കേന്ദ്രീയ  വിദ്യാലയം, മികച്ച റോഡുകള്‍, കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ അങ്ങനെ ചില ലക്ഷ്യങ്ങളും അദ്ദേഹത്തിന്‍റെ മുന്‍പിലുണ്ടായിരുന്നു. 

മൂന്ന് വര്‍ഷം മുന്‍പ് അവസാനമായി ഗ്രാമത്തിലെത്തിയ അദ്ദേഹം തിരക്കുകള്‍ തീര്‍ത്ത് ഉടന്‍ എല്ലാവരേയും കാണാന്‍ എത്തുമെന്നറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഭാര്യ മധുലികയുടെ മധ്യപ്രദേശിലെ ഷാദോള്‍ ഗ്രാമത്തില്‍ ഒരു സൈനിക സ്കൂള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ താല്‍പര്യം അറിയിച്ചതായി അവരുെട സഹോദരന്‍ യശ്വര്‍ധന്‍ സിംഗ് പറയുന്നു. പിന്നാക്ക മേഖലകളിലുള്ള കുട്ടികളെ സൈനിക സ്കൂളിലെ പരിശീലനത്തിലൂടെ  കരസേനയിലെത്തിക്കാനുള്ള വലിയ ആഗ്രഹമാണ് കഴിഞ്ഞ ദസ്റക്ക് അവസാനമായി കണ്ടപ്പോള്‍ ബിപിന്‍ റാവത്ത്  പങ്കുവച്ചതെന്നും ഭാര്യ സഹോദരന്‍ പറഞ്ഞു നിര്‍ത്തുന്നു.  

click me!