രാഹുൽ ഗാന്ധിയുടെ സ്വപ്നത്തിന് മംഗളം നേർന്ന് സ്വാമി സച്ചിദാനന്ദ; ഗുരുവും ഗാന്ധിയും തന്‍റെ വഴികാട്ടികളെന്ന് രാഹുൽ; ശിവഗിരിയിൽ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി

Published : Mar 06, 2026, 01:52 PM IST
rahul shivagiri

Synopsis

ശിവഗിരിയിൽ നടന്ന ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ കാതലാണെന്നും ഗുരുവും ഗാന്ധിയുമാണ് തന്റെ വഴികാട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം യാഥാർത്ഥ്യമാകട്ടെ എന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആശംസിച്ചു

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും ശിവഗിരിയിൽ വെച്ച് കണ്ടുമുട്ടിയതിന്റെ നൂറാം വാർഷികാഘോഷവും സർവ്വമത സമ്മേളനവും ആഘോഷിച്ചു. ശിവഗിരി മഠവും കെ പി സി സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഗുരു – ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത്. ഗുരുവിന്റെ ദർശനങ്ങളും ഗാന്ധിയുടെ നിലപാടുകളും ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. നാരായണ ഗുരുവിന്റെ തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ 'ദൈവദശകം' കേട്ടപ്പോഴാണ് തത്വചിന്തയും ഭരണഘടനയും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായത്. ഗുരുവിന്റെ മുന്നിൽ പുഷ്പാർച്ചന നടത്താൻ ആർക്കും കഴിയുമെന്നും എന്നാൽ അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ നടക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണെന്നും ഗുരുവും ഗാന്ധിയുമാണ് തന്റെ വഴികാട്ടികളെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ബ്രിട്ടിഷുകാരെ പരാജയപ്പെടുത്തിയ ഗാന്ധിയുടെ പോരാട്ടവും രാഹുൽ എടുത്തുപറഞ്ഞു. അബ്ദുസമദ് സമദാനി എം പിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ഈ വിസ്മയകരമായ ചടങ്ങ് സംഘടിപ്പിച്ച വരെ, പ്രത്യേകിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ അഭിനന്ദിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ശിവഗിരി മഠം സ്വാമിമാർ ഗുരുശിൽപം സമ്മാനിക്കുകയും ചെയ്തു.

'രാഹുലിന്‍റെ സ്വപ്നം യാഥാർത്ഥ്യമാകട്ടെ'

മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്നും തലച്ചോറിനെ ജാതിക്കും മതത്തിനും വേണ്ടി പണയം വെക്കരുതെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഭാരതത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒരു സ്വപ്നമുണ്ടെന്നും അത് യാഥാർത്ഥ്യമാകാൻ മംഗളം നേരുന്നുവെന്നും സ്വാമി ആശംസിച്ചു. ശിവഗിരിയിലെ ഗുരു - ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് രാജ്യവ്യാപകമായി തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ആ പോരാട്ടത്തിന് നേതൃത്വം നൽകിയ സി കേശവനെയും ആർ ശങ്കറെയും പോലുള്ള മുഖ്യമന്ത്രിമാരെ കേരളത്തിന് സമ്മാനിച്ചത് കോൺഗ്രസ് ആണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളും വിവിധ മതമേലധ്യക്ഷൻമാരും ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള - തമിഴ്നാട് അതിർത്തിയിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം; ബോർഡ് നീക്കണമെന്ന് നാം തമിഴർ പാർട്ടി, പ്രദേശത്ത് കനത്ത സുരക്ഷ
കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്; ഉദ്ഘാടനം നടത്തിയെന്ന് മന്ത്രി ഗണേഷ്‍കുമാര്‍, പാൻട്രി, ടോയ്‍ലറ്റ് സൗകര്യമുള്ള ബസ് 15ന് എത്തും