
തിരുവനന്തപുരം: കേരളത്തിനുള്ള ദീർഘകാല വായ്പയിലെ കേന്ദ്രത്തിന്റെ കടുവെട്ട് കാരണം അടിസ്ഥാന സൗകര്യവികസനപദ്ധതികൾ പ്രതിസന്ധിയിൽ. കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷയാണ് ബ്രാന്റിംഗ് അടക്കം നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. കൊവിഡിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകൾ അനുവദിക്കുന്നത്.
കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ചെലവുകൾ ചൂണ്ടിക്കാട്ടി കേരളം 2088 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് വികസന പദ്ധതികളിൽ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുക നിഷേധിച്ചത്.
സ്വച്ഛ് ഭാരത് മിഷൻ, ആയുഷ്മാൻ ഭാരത്, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നീ പദ്ധതികൾക്ക് കേന്ദ്രം ബ്രാന്‍റിംഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ കേന്ദ്ര പദ്ധതി എന്ന് എഴുതിവയ്ക്കാനാകില്ലെന്നാണ് സംസ്ഥാന നിലപാട്. ബ്രാന്‍റിംഗ് നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അതാത് വകുപ്പുകൾ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. ഇതിൽ തീരുമാനം എടുക്കും മുൻപാണ് തിരിച്ചടവ് ബാധ്യതയുള്ള തുക പോലും കേന്ദ്രം തടഞ്ഞുവക്കുന്നതെന്നെന്നാണ് ആരോപണം. ക്യാപക്സ് ഫണ്ട് അടക്കം വിവിധ പദ്ധതികൾക്ക് 5891 കോടി കേന്ദ്രസര്‍ക്കാര്‍ കുടിശിക ഉണ്ടെന്ന് മാത്രമല്ല, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലുമാണ്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam