
തിരുവനന്തപുരം: സംസ്ഥാനത്തെ 201 സർക്കാർ സ്‌കൂളുകൾ രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയെന്ന കണക്കുമായി കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രേഖാമൂലം കെ രാധാകൃഷ്‌ണൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 5014 സർക്കാർ സ്‌കൂളുകൾ സംസ്ഥാനത്തുണ്ടായിരുന്നത് 4809 ആയി കുറഞ്ഞുവെന്നാണ് 2021 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകൾ അവതരിപ്പിച്ച് കേന്ദ്രമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം ആവശ്യപ്പെട്ടു.
ഇതെങ്ങനെയാണ് ഇത്തരമൊരു കണക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിക്ക് പാർലമെന്റിൽ പറയാൻ കഴിയുന്നത് എന്ന് വിടി ബൽറാം ചോദിച്ചു. കേരളത്തിൽ സർക്കാർ സ്ക്കൂളുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറയുന്നുണ്ടോ? 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ മാത്രം കേരളത്തിൽ 201 സർക്കാർ സ്ക്കൂളുകൾ കുറഞ്ഞു എന്നത് ഒറ്റനോട്ടത്തിൽ അവിശ്വസനീയമാണ്. സർക്കാർ എയ്ഡഡ് സ്ക്കൂളുകളേക്കൂടി ഉൾപ്പെടുത്തിയാണോ ഈ കണക്കുകൾ എന്നുമറിയില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു.
രാജ്യത്താകെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോയെന്നും സംസ്ഥാനം തിരിച്ച് അടച്ചുപൂട്ടിയ സർക്കാർ സ്‌കൂളുകളുടെ കണക്ക് പറയാമോയെന്നുമായിരുന്നു കെ രാധാകൃഷ്‌ണൻ എംപിയുടെ ചോദ്യം. കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും കഴിഞ്ഞ അഞ്ച് വർഷത്തെ (2019-20 മുതൽ 2023-24 വരെ) സർക്കാർ സ്‌കൂളുകളുടെ എണ്ണമാണ് കേന്ദ്രസർക്കാർ നൽകിയ പട്ടികയിലുള്ളത്. പട്ടിക താഴെ.