കരകയറ്റുമോ കേന്ദ്രബജറ്റ്? നികുതിയിളവ് വരുമോ? കൊവിഡ് സെസ് വന്നാൽ വിലക്കയറ്റം വരും

By Web TeamFirst Published Jan 26, 2021, 7:41 AM IST
Highlights

12, 18 സ്ലാബുകളിലുള്ള ജിഎസ്ടി ഉത്പന്നങ്ങൾക്ക് മേൽ ആകും കൊവിഡ് സെസ്. അങ്ങനെ എങ്കിൽ വാഹനങ്ങൾ, എസി ഹോട്ടലുകൾ ഉൾപ്പടെ ഒരു പിടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഇനിയും ഉയരും. 

കൊച്ചി: കൊവിഡിൽ തകർന്ന സാമ്പത്തിക മേഖലയെ കരകയറ്റുക എന്ന വെല്ലുവിളികൾക്കിടയിലാണ് ഇക്കുറി കേന്ദ്ര ബജറ്റ്. നികുതി ഇളവുകളും, വായ്പ പദ്ധതികളും കൂടാതെ വിവിധ ഉത്പന്നങ്ങൾക്ക് കൊവിഡ് സെസ് ഏർപ്പെടുത്തുമെന്നും ഏറെക്കുറെ ഉറപ്പാണ്. ജിഎസ്ടിക്ക് ഒപ്പം സെസ് കൂടി വരുന്നതോടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലവർധനയ്ക്കും കാരണമാകും.

സമാനതകളില്ലാത്ത പ്രതിസന്ധിക്കാലത്തെ ബജറ്റ്. സംഘർഷം അയവില്ലാത്ത അതിർത്തികൾ, വാക്സീൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം. പ്രതിരോധമേഖലക്കൊപ്പം മെച്ചപ്പെട്ട പരിഗണന ആരോഗ്യമേഖലക്കും നൽകിയേ തീരൂ. സർക്കാർ പദ്ധതികൾക്കായി പണം കണ്ടെത്തുന്നതിനൊപ്പം ജനങ്ങളുടെ കൈയ്യിലും പണലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാകും ഇക്കുറി നിർമ്മല സീതാരാമന്‍റെ ബജറ്റിൽ. 

12, 18 സ്ലാബുകളിലുള്ള ജിഎസ്ടി ഉത്പന്നങ്ങൾക്ക് മേൽ ആകും കൊവിഡ് സെസ്. അങ്ങനെ എങ്കിൽ വാഹനങ്ങൾ, എസി ഹോട്ടലുകൾ ഉൾപ്പടെ ഒരു പിടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഇനിയും ഉയരും. ആദായ നികുതി ദായകർക്ക് കൂടുതൽ സർചാർജ്ജ് നൽകേണ്ടി വന്നേക്കാം. എങ്കിലും ചില ഇളവുകളും നികുതി ദായകർ പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ തൊഴിൽ നയവുമായി ബന്ധപ്പെടുത്തി കൂടി ആകും ചെറുകിട വ്യവസായ മേഖലക്ക് കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുക. വർക്ക് ഫ്രം ഹോം സംവിധാനം തുടരുന്നതിന് നികുതി ഇളവ് നൽകിയാകും സേവനമേഖലക്ക് പിന്തുണ ഉറപ്പാക്കുക. കർഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ കാർഷിക മേഖലക്കും കൂടുതൽ പരിഗണന കിട്ടും. പി എം കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്ന ആറായിരം രൂപ ഉയർത്തുമോ അതോ വായ്പ പദ്ധതികളാകുമോ അവതരിപ്പിക്കുക എന്നാണ് ഇനി അറിയേണ്ടത്.

click me!