LDF :കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നു, വികസന മുന്നേറ്റങ്ങൾ ദുർബലപ്പെടുത്തുന്നു; എ വിജയരാഘവൻ

By Web TeamFirst Published Nov 30, 2021, 5:45 PM IST
Highlights

കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നു. വിഭവ സമാഹരണം വെട്ടിക്കുറക്കുന്നു. ധനസഹായം തടയുന്നു. ശതകോടീശ്വരൻമാർക്ക് കേന്ദ്രം വൻ ഇളവുകൾ നൽകുന്നു. ഇതിന്റെ നഷ്ടം നികത്താനാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ  വില കേന്ദ്രം കൂട്ടിയത്. നികുതി വരുമാനം മുഴുവൻ കൈയ്യടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 

തിരുവനന്തപുരം: ഏറ്റവും മികച്ച രീതിയിൽ കൊവിഡ് ചികിത്സ നൽകിയ സംസ്ഥാനമാണ് കേരളം എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ലോകത്ത് തന്നെ ഇക്കാലത്ത് സൗജന്യ ഭക്ഷണം എല്ലാവരിലും എത്തിച്ചത് ഇവിടെ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

ജനക്ഷേമ പ്രവർത്തനങ്ങളിലും ജീവിത നിലവാരത്തിലും രാജ്യത്ത് കേരളം മുന്നിൽ എന്നത് നീതി ആയോഗ് തന്നെ വ്യക്തമാക്കിയതാണ്. പാവങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രകടന പത്രികക്ക് രൂപം കൊടുത്ത സർക്കാരാണ് പിണറായി വിജയൻ സർക്കാർ. അതിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നു. പിണറായി വിജയൻ സർക്കാരിന്റെ പ്രകടന പത്രിക തന്നെ ലോകത്തിന് മാതൃകയാണ്. ഇനി നേട്ടങ്ങളുടെ ഗുണ നിലാരത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. അടിസ്ഥാന ശാസ്ത്രം പഠിക്കുന്ന കുട്ടിക്ക് തൊഴിൽ നൈപുണ്യം കൂടി നൽകുന്ന സംവിധാനം വേണം. ഇപ്പോൾ അതിനുള്ള ശ്രമത്തിലാണ്.  

സംസ്ഥാനത്തിന്റെ ഇത്തരം വികസന മുന്നേറ്റങ്ങൾ കേന്ദ്രം ദുർബലപ്പെടുത്തുകയാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നു. വിഭവ സമാഹരണം വെട്ടിക്കുറക്കുന്നു. ധനസഹായം തടയുന്നു. ശതകോടീശ്വരൻമാർക്ക് കേന്ദ്രം വൻ ഇളവുകൾ നൽകുന്നു. ഇതിന്റെ നഷ്ടം നികത്താനാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ  വില കേന്ദ്രം കൂട്ടിയത്. നികുതി വരുമാനം മുഴുവൻ കൈയ്യടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേരളത്തിലേക്കുള്ള പൊതുമേഖല നിക്ഷേപങ്ങളും വൻ തോതിൽ കേന്ദ്രം കുറച്ചു. ഇടത് സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കും മുൻപ് സംസ്ഥാനത്ത് ആറ് വരി പാത പൂർത്തിയാക്കും. സ്ഥലം ഏറ്റെടുക്കലിന് മികച്ച നഷ്ടപരിഹാരം നൽകുന്നുണ്ട്. ഭൂമിയേറ്റെടുക്കലിനെതിരെ ചിലർ രംഗത്ത് വന്നു. പക്ഷെ വികസനം സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തി. 

സിൽവർ ലൈൻ  വേഗ റെയിൽ -  മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താം. വികസനത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് അത്. അതിനെ വികസനം ആഗ്രഹിക്കുന്നവർക്ക് എതിർക്കാനാവില്ല. എതിർക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. അത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്. ബി.ജെ പിയും കോൺഗ്രസും വികസന വിരുദ്ധർ ആണ്. അവർ നുണ പ്രചരിപ്പിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. 

കേന്ദ്ര ഏജൻസികളെ മോദി സർക്കാർ നെറികെട്ട രീതിയിൽ ഉപയോ​ഗിച്ചു, എൽഡിഎഫ് തീർന്നു എന്ന് കരുതി ; പിണറായി വിജയൻ

കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എല്ലാം എതിർക്കുക എന്ന നിലപാടാണ് ചിലർക്ക്. കേരളം മുന്നോട്ട് കുതിക്കുന്നതിനെ ചിലർ എങ്ങനെ കാണുന്നു എന്ന് നോക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ എൽഡിഎഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

കേരളം മുന്നോട്ട് തന്നെ കുതിച്ചു. എൽഡിഎഫിനെ താഴെയിറക്കാൻ ചില നിക്ഷിപ്ത ശക്തികൾ കൈ കോർത്തു. യുഡിഎഫും ബിജെപിയും വെൽഫയർ പാർട്ടിയും എല്ലാം ഒന്നായ് നിന്നു. കേന്ദ്ര ഏജൻസികളെ പലതിനെയും നെറികെട്ട രീതിയിൽ ഉപയോഗിച്ചു. വിചാരിച്ച രീതിയിൽ കാര്യങ്ങളെത്തിക്കാൻ എന്ത് നെറികേടും കാണിക്കാൻ മുൻകൈ എടുക്കും എന്ന് മനസിലായി. ഇവിടെ തീർന്നു എൽഡിഎഫ് എന്ന് അവർ കരുതി. 
അഞ്ച് വർഷം തീരുമ്പോൾ എൽഡിഎഫും പോകും എന്ന് കരുതി. പക്ഷേ ജനങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു. കുപ്രചാരണം ജനങ്ങളെ ബാധിച്ചില്ല. എൽഡിഎഫിനെ അവർ സ്വീകരിച്ചു. 

അവിശുദ്ധ കൂട്ടുകെട്ടുകാർക്ക് നിരാശയുണ്ടായി. നിരാശ പകയായി മാറി. വിശകലന വിദഗ്ധർ വിശകലനം തുടങ്ങി. പ്രചാരണം എന്താണ് ജനങ്ങളെ ബാധിക്കാതിരുന്നത്. എന്ത് കൊണ്ട് ഏശിയില്ല. അവർ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ ഒന്ന് കേരളത്തിലെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തു എന്ന് വിശകലന വിദഗ്ധർ കണ്ടെത്തി. കേരളം ഇനി മുന്നോട്ട് പോകരുത്, വികസനം തടയണം എന്ന് എതിരാളികൾ കരുതി. എല്ലാവരും ഒന്നിച്ച് നിന്നു. അവിശുദ്ധ സംഖ്യം തെരെഞ്ഞെടുപ്പിന് ശേഷം കൂടുതൽ സജീവമായി. ആ കൂട്ടത്തിൽ ബിജെപിയും ഉണ്ട്. കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണ്. അതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. കോൺഗ്രസും ലീഗും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തിൽ വികസനത്തിനെതിരെ സംസാരിക്കുന്നു. 

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് അടച്ച്പൂട്ടാൻ നോക്കുന്നു. അതിൽ ഒരു ന്യായവുമില്ല. കേരളത്തിന് അങ്ങനെയൊന്ന് വേണ്ട, അത് തന്നെയാണ് അവരുടെ ന്യായം. കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഷെയർ കേന്ദ്രവും 51% ഷെയർ സംസ്ഥാനവും എടുത്ത് കൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാവും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. തുകകൾ വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോ സ്വാഭാവികമായി പ്രയാസമുണ്ടാകാറുണ്ട്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. 4 മണിക്കൂർ കൊണ്ട് തെക്ക് നിന്ന് വടക്ക് എത്താം. ഇപ്പോ അതിന്  12 മണിക്കൂറിലധികം വേണം. പദ്ധതി നാടിൻ്റെ മുഖച്ഛായ തന്നെ മാറ്റും. അത് നടപ്പാക്കുമ്പോ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകും. 4460 കോടി നീക്കിവെച്ചിട്ടുണ്ട്. പുനരധിവാസത്തിന് 1730 കോടിയും നീക്കിവെച്ചു.

അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമെന്നും അതിന് തടസ്സമായി വരുന്നത് വിഭവ ശേഷിയാണ്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. ബജറ്റിന് പുറത്ത് പണം കണ്ടെത്താനുള്ള ശ്രമമാണ് കിഫ്ബി. 50000 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിച്ചു. 50000 കോടിക്ക് പകരം 60000 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് എന്നും പിണറായി വിജയൻ പറഞ്ഞു.

tags
click me!