ആകാശവാണി ആലപ്പുഴ പ്രസരണ നിലയം അടച്ചുപൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ, പ്രതിഷേധം ശക്തം

By Web TeamFirst Published Nov 8, 2020, 10:31 AM IST
Highlights

 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാൻസ്മിറ്റർ, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്.

ആലപ്പുഴ: ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ.  മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി അധികകാലം ആലപ്പുഴ ഉണ്ടാകില്ല.എഫ് എം മാത്രം നിലനിർത്തി, എഎം ട്രാൻസ്മിറ്ററിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് പ്രസാർ ഭാരതിയുടെ തീരുമാനം. 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാൻസ്മിറ്റർ, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്.

തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധയിടങ്ങളിൽ ലഭിക്കുന്നത് ഇതുവഴിയാണ്. ഇതിൽ എഎം ട്രാൻസ്മിറ്ററിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂർ, കാസർകോഡ് ജില്ലകളി‌ൽ പോലും പരിപാടികൾ കേൾക്കുന്നതിൽ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

എന്നാൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നാണ് പ്രശ്നത്തിലിടപെട്ട  ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സ‍ർക്കാരിൽ നിന്ന് ലഭിച്ച മറുപടി. നിലയം ഭാഗികമായി പൂട്ടുമ്പോൾ പകുതിയോളം ജീവനക്കാർക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടൽ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി സംഘടനകൾക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചാകും സമരം. 

click me!