പൊൻ‌മുടിയിൽ കുടുങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 29, 2019, 2:18 PM IST
Highlights

മിനിസ്ട്രി ഓഫ് എച്ച്‌ആര്‍ഡിയിലെ ആറംഗസംഘത്തില്‍പ്പെട്ട അശോക് കുമാർ (63) ആണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടിയിലെ വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്.

തിരുവനന്തപുരം: പൊന്‍മുടിയില്‍ കുടുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. മിനിസ്ട്രി ഓഫ് എച്ച്‌ആര്‍ഡിയിലെ ആറംഗസംഘത്തില്‍പ്പെട്ട അശോക് കുമാർ (63) ആണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്ന് മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് പൊൻ‌മുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ലെന്ന വിവരമറിയുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം, പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിനൊടുവില്‍ രാത്രി എട്ടരയോടെ പൊന്മുടിയുടെ വനാന്തരങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥനെ കണ്ടെത്തുകയായിരുന്നു. പൊന്മുടി സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വിജയകുമാര്‍, എഎസ് ഐമാരായ നസീമുദ്ദീന്‍, വിനീഷ് ഖാന്‍, സിപിഒമാരായ സജീര്‍, വിനുകുമാര്‍ എന്നിവര്‍ കടുത്ത മൂടല്‍ മഞ്ഞിനിടയിലും അതിസാഹസികമായി എട്ടോടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ക്ഷീണിതനായി കാണപ്പെട്ട അശോക് കുമാറിനെ വൈദ്യ സഹായത്തിനായി ഐസറിന്‍റെ ആംബുലന്‍സില്‍ വിതുരയിലേക്ക് കൊണ്ടുപോയി. പൊന്‍മുടിയില്‍ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങള്‍ അപകടകരമാണെന്നും എന്ത് ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ ടൂറിസം വകുപ്പുമായോ പൊലീസുമായോ ബന്ധപ്പെടണമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

click me!