
തിരുവനന്തപുരം: സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ കേരളത്തില്‍ ഇനി പപ്പടം നിര്‍മാണവും. ഗുണമേന്മ ഉറപ്പാക്കി കേരളാ ബ്രാന്‍ഡ് വിപണിയിലിറക്കാന്‍ വിപുലമായ പദ്ധതിയാണ് വ്യവസായ വകുപ്പ് തയ്യാറാക്കുന്നത്. ഓണക്കിറ്റില്‍ നല്‍കിയ പപ്പടത്തിന് ഗുണമേന്മയില്ലെന്ന് മുന്‍പ് ആക്ഷേപം കേട്ട സര്‍ക്കാര്‍ ഗുണനിലവാരമുള്ള പപ്പടം തന്നെ നല്‍കിക്കളയാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. ചെറുകിട വ്യവസായമാണെങ്കിലും അരക്കോടി രൂപയുടെ പപ്പട വ്യാപാരമാണ് പ്രതിദിനം കേരളത്തില്‍ നടക്കുന്നത്.
ഇത്തരം യൂണിറ്റുകളെ കൂട്ടിയോജിപ്പിച്ചുള്ള സംരംഭത്തിനാണ് തിരുവനന്തപുരത്ത് എണ്ണ കാച്ചുന്നത്. 88 പപ്പട നിര്‍മ്മാണ യൂണിറ്റുകളുടെ അനന്തപുരം ക്ലസ്റ്റര്‍ രൂപീകരിച്ചാണ് അഞ്ചരക്കോടി രൂപയുടെ കോമൺ ഫെസിലിറ്റി സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കുക. കൊച്ചുവേളിയില്‍ വ്യവസായവകുപ്പിന്‍റെ 49 സെന്‍റ് സ്ഥലത്ത് ജനുവരിയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 70 ശതമാനം കേന്ദ്ര സഹായം, 20 ശതമാനം സംസ്ഥാന സഹായം, 10 ശതമാനം ചെറുകിട വ്യവസായ യൂണിറ്റുകളുടെ ക്ലസ്റ്ററിന്‍റെ പങ്കാളിത്തം എന്നിങ്ങനെയാണ് പപ്പട നിര്‍മാണത്തിന്‍റെ കൂട്ട്.
പപ്പടം കിട്ടാഞ്ഞതിന് വിവാഹ വീട്ടില്‍ തല്ലുവരെ നടന്ന നാട്ടില്‍ നിന്ന് കയറ്റുമതി വിപണി കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന വ്യവസായ വകുപ്പിന്‍റെ നീക്കം. എന്നാല്‍ വമ്പന്‍ പദ്ധതികള്‍ക്കിടെ പപ്പട നിര്‍മാണ യൂണിറ്റും സര്‍ക്കാര്‍ തുടങ്ങുന്നുവെന്ന പരസ്യം കണ്ട് വന്നല്ലോ കെ - പപ്പടവും എന്ന ട്രോളുകളും ഉയരുന്നുണ്ട്.
അതേസമയം, വ്യവസായ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം രാജ്യമാകെ ദർശിച്ച വർഷമാണ് 2022 എന്ന് കഴിഞ്ഞ ദിവസം മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നാം മുന്നേറി. വ്യാവസായിക വളർച്ചാ നിരക്കിൽ കുതിച്ചുചാട്ടമുണ്ടായി. പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചു, ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം