Asianet News MalayalamAsianet News Malayalam

100കണക്കിന് മൃതദേഹങ്ങള്‍ക്കിടെ ജീവന്‍റെ തുടിപ്പ്, ഒരു ഞരക്കം; 'വെള്ളം തരൂ' എന്ന അപേക്ഷ; മരണത്തെ ജയിച്ച് റോബിൻ

101 മൃതദേഹങ്ങള്‍ ആരുടെയാണെന്ന് ഇതുവരെ തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. രാജ്യം കടുത്ത വേദനയില്‍ തേങ്ങുമ്പോള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന റോബിൻ നയ്യ എന്ന യുവാവ് പ്രതീക്ഷയാവുകയാണ്.

Odisha train accident survivor wakes up among the dead rescuer leg grabbed asked for water btb
Author
First Published Jun 6, 2023, 6:49 PM IST

ദില്ലി: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഏകദേശം 278 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. 1,100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 101 മൃതദേഹങ്ങള്‍ ആരുടെയാണെന്ന് ഇതുവരെ തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല. രാജ്യം കടുത്ത വേദനയില്‍ തേങ്ങുമ്പോള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന റോബിൻ നയ്യ എന്ന യുവാവ് പ്രതീക്ഷയാവുകയാണ്.

ബാലസോറില്‍ മരണപ്പെട്ടുവെന്ന് കരുതി റോബിന്‍റെ മൃതദേഹം ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങള്‍ക്കിടെ ജീവന്‍റെ തുടിപ്പുമായാണ് റോബിൻ കിടന്നിരുന്നതെന്ന് ആരും മനസിലാക്കിയില്ല. ഒടുവില്‍ രക്ഷാപ്രവർത്തകർ സ്‌കൂൾ മുറിയിൽ മൃതദേഹങ്ങൾ നീക്കം ചെയ്യുമ്പോഴുണ്ടായ സംഭവം ഞെട്ടിക്കുന്നതായിരുന്നു. നുറുങ്ങുന്ന വേദനകള്‍ക്കിടെ ജീവൻ കയ്യില്‍ പിടിച്ച് കൊണ്ട് റോബിൻ മൃതദേഹങ്ങൾക്കിടയിലൂടെ നടന്നിരുന്ന ഒരു രക്ഷാപ്രവര്‍ത്തകന്‍റെ കാലില്‍ പിടിച്ചു.

അടക്കിപ്പിടിച്ച ഞരക്കം കേട്ട് ശ്രദ്ധിച്ചപ്പോള്‍ 'ഞാൻ ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല, ദയവായി എനിക്ക് വെള്ളം തരൂ' എന്നാണ് റോബിൻ രക്ഷാപ്രവര്‍ത്തകനോട് പറഞ്ഞത്. ആദ്യം ഒന്ന് പകച്ചെങ്കിലും രക്ഷാപ്രവര്‍ത്തകൻ ഉടൻ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ കൂടുതല്‍ ആളുകളെത്തി റോബിനെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ചർണേഖലി ഗ്രാമവാസിയായ റോബിന് അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുപിടിക്കുകയായിരുന്നു.

റോബിൻ നയ്യയും ഗ്രാമത്തിൽ നിന്നുള്ള മറ്റ് ഏഴുപേരും ജോലി തേടി ഹൗറയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കോറമാണ്ടൽ എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. രണ്ട് കാലുകളും നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള റോബിൻ ഇപ്പോള്‍ മേദിനിപൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോബിന്‍റെ ആറ് സുഹൃത്തുക്കളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 

പ്രതിദിനം 250 രൂപ കൂലി; നിൽക്കണം, നടക്കണം, ചിലപ്പോ ഓടിക്കണം, പൈസ കിട്ടും! നിബന്ധന വേഷ കാര്യത്തിൽ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios