പിസിആര്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര നിര്‍ദേശം; ആന്‍റിജൻ മതിയാകുമെന്ന് കേരളം

By Web TeamFirst Published Apr 7, 2021, 3:45 PM IST
Highlights

കൃത്യത കുറവായ ആൻ്റിജൻ പരിശോധന കുറച്ച് പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാൽ പരമാവധി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനക്ക് കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാർ നിലപാട്. 

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര നിര്‍ദേശം. അതേസമയം പരമാവധി പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിക്കാൻ റാപിഡ് ആന്‍റിജൻ പരിശോധനകൾക്ക് കഴിയുന്നുണ്ടെന്നാണ് കേരളത്തിന്‍റെ നിലപാട്. കേരളത്തില്‍ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളത്തിലിപ്പോൾ നടക്കുന്ന കൊവിഡ് പരിശോധനകളിലേറെയും ആൻ്റിജൻ പരിശോധനയാണ്. കൃത്യത കുറവായ ഈ പരിശോധന കുറച്ച് പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാൽ പരമാവധി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനക്ക് കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാർ നിലപാട്. കേരളത്തിൻ്റെ പ്രതിരോധം ശരിയായ നിലയ്ക്കാണെന്നും സര്‍ക്കാര്‍ വിദഗ്ധ സമിതി അവകാശപ്പെടുന്നു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. 

അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. മാര്‍ച്ച് ഒന്നുമുതല്‍ ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണം 2000 ന് താഴെയായിരുന്നു. 12 ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ലേക്ക് വരെ താഴ്ന്നു. ഈ കണക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന ഉണ്ടായിരിക്കുന്നത്. ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ തന്നെ മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ പരമാവധി വര്‍ധന വന്നേക്കാം. രണ്ടാം തരംഗം ഇവിടേയുമുണ്ടെന്ന് വിലയിരുത്തൽ.

എന്നാല്‍, രോഗാവസ്ഥ ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗങ്ങളില്‍ പരമാവധിപേര്‍ക്ക് വാക്സീൻ എത്തിക്കാനായതിനാല്‍ രോഗാവസ്ഥ ഗുരുതരമായേക്കില്ലെന്നാണ് കണക്കുകൂട്ടൽ. മരണ നിരക്കും ഉയരില്ലെന്നാണ് പ്രതീക്ഷ. പക്ഷേ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്ന സ്ഥിതി വന്നാല്‍ ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കേണ്ടി വരും. ഇതുവരെ 40, 64, 649 പേരാണ് കൊവിഡ് വാക്സീൻ സ്വീകരിച്ചത്. 

click me!