
മലപ്പുറം: നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ സഹായിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്‍റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് ജില്ലയിലെത്തിയത്.
നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളിലെ (എൻസിഡിസി) ജോയിന്‍റ് ഡയറക്ടറും പൊതുജനാരോഗ്യ സ്പെഷ്യലിസ്റ്റുമായ ഡോ. പ്രണായ് വര്‍മയുടെ നേതൃത്വത്തിലുള്ള 10 പേരാണ് ജില്ലയിലെത്തിയത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, വന്യജീവി സ്പെഷ്യലിസ്റ്റ്, വെറ്ററിനറി കൺസൾറ്റന്‍റ്, മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുകയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വെക്കുമായി ഡോ. ഇ ദിലീപ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എൻ.ഐ.വി സംഘവും ഉടൻ ജില്ലയിലെത്തും. നിലവിൽ പാലക്കാടാണ് ഈ സംഘമുള്ളത്.
സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ അഞ്ച് പേരുടെ ഫലം നെഗറ്റീവായി. രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam