സ്വപ്‌നയും സംംഘവും കടത്തിയ 137 കിലോ സ്വര്‍ണം കണ്ടെത്താനാകാതെ കേന്ദ്ര ഏജന്‍സികള്‍

By Web TeamFirst Published Feb 8, 2021, 7:51 AM IST
Highlights

ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല.

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും സംഘവും കടത്തിക്കൊണ്ടുവന്ന 137 കിലോ സ്വര്‍ണം ഇതുവരെ കണ്ടെത്താനാകാതെ കേന്ദ്ര ഏജന്‍സികള്‍. ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല.

2019 നവംബര്‍ മുതല്‍ 2020 ജൂണ്‍വരെ ശിവശങ്കറും സ്വപ്ന സുരേഷും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്.

ദുബായില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 18.3 കിലോ, മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത് 47 കിലോ സ്വര്‍ണ്ണത്തിന്. അബ്ദു പിടിയും സംഘവും പണം നല്‍കിയത് 38.5 കിലോ പിന്നെയും വന്നു നിരവധി വട്ടം. ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ കെടി റമീസും സരിതും സ്വപ്നയും ചേര്‍ന്ന് എത്തിച്ചത് 30. 24 കിലോ. ആകെ 167 കിലോ സ്വര്‍ണം. പക്ഷെ ആദ്യം പിടികൂടി സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല. എന്‍ഐഎ മാത്രം 30 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഇടത്തട്ടുകാരും കള്ളക്കടത്തിന് നേതൃത്വം കൊടുത്തവരും. ടാന്‍സാനിയയും സൗദിയും യുഎഇയുമടക്ക സ്വര്‍ണം വന്ന വഴികളും സ്വര്‍ണം അയക്കാന്‍ വ്യാജ രേഖയടക്കമുണ്ടാക്കിയ ആളുകളെ വരെ തിരിച്ചറിഞ്ഞിരുന്നു. 

എന്നാല്‍ കേരളത്തിലെത്തിയ സ്വര്‍ണം എവിടേക്ക് പോയി എന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തില്‍ മൗനമാണ്. കള്ളപ്പണം അടക്ക ഉപയോഗിച്ച് വിവിധ കൈകള്‍ വഴിയാണ് സ്വര്‍ണം കടന്ന് പോയതെന്നതിനാല്‍ കൊണ്ടുവന്നവര്‍ക്ക് പോലും ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി അറിയില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലേക്കടക്കം പോയിട്ടുണ്ട്. പിന്നീട് ഇവ ആഭരണമടക്കമായാണ് തിരിച്ചെത്തുന്നത്. കൊടുവള്ളിയിലടക്കം വിവിധ ജ്വല്ലറികളില്‍ ഇതിനായി പരിശോധന നടത്തി സ്വര്‍ണം കസ്റ്റഡിയിലെടുത്തെങ്കിലും ഇത് വിമാനത്താവളം വഴിയെത്തിയ കള്ളക്കടത്ത് സ്വര്‍ണമാണെന്ന് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല.

അതേസമയം തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണം സംഘം വിശദീകരിക്കുന്നു.
 

click me!