ഒരാഴ്ച ഒരുക്കം, രണ്ടരമിനിറ്റില്‍ കവർച്ച, 48 മണിക്കൂറില്‍ പിടി വീണു; റിജോ റിമാന്‍ഡില്‍, ആസൂത്രണങ്ങളിങ്ങനെ...

Published : Feb 17, 2025, 07:47 PM ISTUpdated : Feb 17, 2025, 08:12 PM IST
ഒരാഴ്ച ഒരുക്കം, രണ്ടരമിനിറ്റില്‍ കവർച്ച, 48 മണിക്കൂറില്‍ പിടി വീണു; റിജോ റിമാന്‍ഡില്‍, ആസൂത്രണങ്ങളിങ്ങനെ...

Synopsis

പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരി​ഗണിക്കും.

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരി​ഗണിക്കും. പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കാൻ സാധ്യത എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.  

ബാങ്ക് കവർച്ചയ്ക്കായി പ്രതി നടത്തിയത് അതിശയിപ്പിക്കുന്ന ആസൂത്രണമെന്ന് പൊലീസ് പറയുന്നു. എന്നാൽ സാങ്കേതി വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവിൽ 48 മണിക്കൂർ കൊണ്ട് പ്രതിയെ പിടിക്കാൻ പൊലീസിന് സാധിച്ചു. ഒരാഴ്ചത്തെ ആസൂത്രമണമാണ് പ്രതി നടത്തിയത്. തെളിവുകൾ നശിപ്പിച്ച് പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ ​ഗൃഹപാഠങ്ങളും ചെയ്താണ് ഇയാൾ കവർച്ച നടത്തിയത്. കാലാവധി കഴി‍ഞ്ഞ എടിഎം പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ബാങ്കിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് ഇവിടെ കവർച്ച നടത്താൻ പ്ലാനിട്ടിരുന്നെങ്കിലും പുറത്തൊരു പൊലീസ് ജീപ്പ് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചു. 

പിന്നീട് ബുധനാഴ്ച ഇയാൾ ചാലക്കുടി പള്ളിയിൽ പോയി പെരുന്നാളിൽ പങ്കെടുത്ത് ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവിടെ നിന്നാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് മടങ്ങുന്നത്. വ്യാഴാഴ്ച ഒരുക്കങ്ങളെല്ലാം അന്തിമമാക്കി വീട്ടിലിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ബാങ്കിന് മുന്നിലെത്തി. വരും വഴിക്ക് രണ്ട് തവണ വേഷം മാറി. ​ഗ്ലൗസ് ധരിച്ചു. മങ്കിക്യാപ്പും ഹെൽമറ്റും വെച്ചു. ബാങ്കിനകത്ത് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തി, ഊടുവഴിയിലൂടെ കടന്ന് അവിടെവച്ച് വീണ്ടും വേഷം മാറി. റിയര്‍വ്യൂ മിറര്‍ മാറ്റിവെച്ചു. പിന്നീട് ഊടുവഴി വഴി സഞ്ചരിച്ച് വീട്ടിലെത്തി. 

പ്രദേശത്തെ 25ലേറെ സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇവ പരിസരത്തുള്ള ആളുകളെ കാണിച്ചപ്പോള്‍ കൂട്ടത്തിലൊരു സ്ത്രീ ഇത് റിജോ ആണോയെന്ന് സംശയം തോന്നുന്നുവെന്ന്  പറഞ്ഞു. പൊലീസ് പ്രതിയിലേക്ക് എത്തിയ നിര്‍ണായക വാക്കുകളായിരുന്നു ഇത്. റിജോയിലേക്ക് പൊലീസ് എത്തുന്നതിങ്ങനെ. റിജോയുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് സിസിടിവിയില്‍ കണ്ട ബൈക്കും ഷൂസും. 3 തവണ വസ്ത്രം മാറിയെങ്കിലും ഷൂസ് മാറിയിട്ടില്ലെന്ന കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉത്തരേന്ത്യക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ബാങ്കില്‍ ഹിന്ദിയില്‍ സംസാരിച്ചത്. എന്നാല്‍ കുടവയറുള്ള ആള്‍ മലയാളി തന്നെ ആയിരിക്കുമെന്ന് അന്നേ പൊലീസ് തീരുമാനിച്ചുറപ്പിച്ചിരുന്നു. വെറും രണ്ടരമിനിറ്റ് കൊണ്ടാണ് റിജോ ബാങ്കില്‍ നിന്നും 15 ലക്ഷം കവര്‍ന്ന് രക്ഷപ്പെട്ടത്. അങ്ങനെ 48 മണിക്കൂറിനുള്ളില്‍ കള്ളന്‍ പിടിയിലായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി