
ആലപ്പുഴ: ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്തത്. ഈ സ്വപ്ന നേട്ടത്തിൽ എത്തി നില്‍ക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാൻ ഏറെയാണ്. ഇന്ത്യ ചന്ദ്രനില്‍ ചരിത്രമെഴുതിയപ്പോള്‍ ഐഎസ്ആർഒയുടെ അമരത്ത് ഉള്ളത് മലയാളി ആണെന്നുള്ളത് കേരളത്തിന് അഭിമാനകരമാണ്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കെ ശിവൻ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഐഎസ്ആർഒ ചെയര്‍മാൻ സ്ഥാനത്തേക്ക് എസ് സോമനാഥ് എത്തുന്നത്. 2018 മുതല്‍ വിഎസ്എസ്‍സി ഡയറക്ടറായി ചുമതല വഹിച്ച് വരികയായിരുന്നു സോമനാഥ്. അതിന് മുമ്പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്‍ററിന്‍റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളും കൂടിയാണ് സോമനാഥ്.
ഈ സുപ്രധാന ദൗത്യങ്ങള്‍ നിര്‍വഹിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ചെയര്‍മാൻ സ്ഥാനത്തേക്ക് സോമനാഥ് എത്തിയത്. 1985ലാണ് സോമനാഥ് ഐഎസ്ആർഒയിലെത്തുന്നത്. വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.
ആലപ്പുഴ ജില്ലയിലെ തുറവൂരാണ് അദ്ദേഹത്തിന്‍റെ കുടുംബവീട്. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ - തങ്കമ്മ ദമ്പതികളുടെ എക മകനാണ്. പ്രാഥമിക വിദ്യാഭ്യാസം അരൂർ സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു. തൃശൂർ വളപ്പട്ടണത്ത് സ്കൂൾ അധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂർ സ്വദേശിനിയായ അമ്മ തങ്കമ്മയുടെ വീട്ടിലായിരുന്നു സോമനാഥ് കഴിഞ്ഞിരുന്നത്.
അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്ര കൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തി നില്‍ക്കുമ്പോള്‍ കേരളമാകെ സന്തോഷ നിറവിലാണ്. ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഐഎസ്ആർഒയിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം