ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'

Published : Jan 22, 2026, 08:03 PM IST
chandy oommen

Synopsis

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ രംഗത്ത്. തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിന്, മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ. സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.

സോളാർ വിവാദവും ചാണ്ടി ഉമ്മന്‍റെ പരാമർശവും

വർഷങ്ങളോളം കത്തിനിന്ന് കെട്ടടങ്ങളിയ ഒരു രാഷ്ട്രീയ ബോംബാണ് സോളർ കേസ്. ആരോപണങ്ങൾ കൊടുങ്കാറ്റായി ഉയർന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരെ പ്രതിസ്ഥാനത്തായി. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ കേരളം വിശ്വസിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും സോളാർ കേസിലെ പലതരം ഒത്തുതീർപ്പുകളിലും രഹസ്യ നീക്കുപോക്കുകളിലും നിയമവ്യവഹാരങ്ങളിലും രാഷ്ട്രീയ കേരളം അസാധാരണമായ പല കാഴ്ചകളും കണ്ടു. സി ബി ഐ കേസിൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്താനായി രണ്ട് വർഷങ്ങൾക്കിപ്പുറം പ്രധാനപ്പെട്ടൊരു വെളിപ്പെടുത്തൽ നടത്തിയാണ് മകനും പുതുപ്പള്ളി എം എൽ എയുമായ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മകനെപ്പോലെ സ്നേഹിച്ച ഗണേഷാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതെന്നായിരുന്നു പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗത്തിൽ ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയത്. സോളാർ കേസിലെ പ്രതിയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്നടക്കം ചാണ്ടി ഉമ്മൻ പറഞ്ഞുവച്ചു. പരാതിക്കാരിയുടെ പരാതി 18 പേജിൽനിന്ന്‌ 24 പേജ് ആയി കൂടിയതിന് പിന്നിൽ ഗണേഷ്‌കുമാറാണെന്നടക്കം ചാണ്ടി ഉമ്മൻ ആരോപിച്ചു. ഗുരുതര ആരോപണത്തിൽ ഇന്ന് മറുപടിയുമായി ഗണേഷ് രംഗത്തെത്തിയതോടെ വിവാദം കൂടുതൽ കത്തുകയാണ്.

ഗണേഷിന്‍റെ ആരോപണം

തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചാണ്ടി പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. 'കള്ളസാക്ഷി പറയരുത്' എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്ന് പരിഹസിച്ച ഗണേഷ് കുമാർ, അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. സി ബി ഐ തന്നോട് ചോദിച്ചതിന് നൽകിയ മൊഴി പൊതു സമൂഹത്തിൽ ഉണ്ട്. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സി ബി ഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ എല്ലാം ഞാൻ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം
ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത