
കോട്ടയം : പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മൻ ഇന്ന് മണ്ഡലത്തിൽ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്രയുടെ ക്രമീകരണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാർഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസവും ചാണ്ടി സമാനമായ രീതിയിൽ പദയാത്ര നടത്തിയിരുന്നു.
ഇടതു കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് 37,719 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയം ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്.അയർകുന്നത്തെണ്ണിയ ആദ്യ ബൂത്തു മുതലേ ചാണ്ടി തന്നെ ചാമ്പ്യനെന്ന് വ്യക്തമായിരുന്നു. ആദ്യ റൗണ്ടിൽ 2816 ഉം രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം ലീഡ് നേടി. അഞ്ചാം റൗണ്ട് എത്തിയപ്പോഴേക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് ചാണ്ടിയുടെ ലീഡ് പതിനായിരത്തിൽ തൊട്ടു. ഒടുവിൽ 2011 ൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോർഡ് ഭൂരിപക്ഷവും ചാണ്ടിയുടെ കുതിപ്പിൽ പഴങ്കഥയായി. തിങ്കളാഴ്ചയാണ് ചാണ്ടി നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുക. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താൽക്കാലികമായി പിരിഞ്ഞ സഭ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam