
ദില്ലി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രം. കേരള സർക്കാരിന്റെ വാദങ്ങൾ തള്ളിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നത്. പി എം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. കേന്ദ്രം നൽകിയ തുകയും സംസ്ഥാന വിഹിതവും പദ്ധതി നടപ്പിലാക്കുന്ന അക്കൗണ്ടിലേക്ക് കേരള സർക്കാർ കൈമാറിയിട്ടില്ല.
തുക നോഡൽ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാൽ കൂടുതൽ തുക നൽകാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 76.78 കോടി രൂപയാണ് സംസ്ഥാന വിഹിതമായി ചേർക്കേണ്ടത്. അതേസമയം, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam