
മുംബൈ: പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ പോയതിൽ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. അതവരുടെ തീരുമാനമാണ്. അവര്‍ക്ക് ഏത് പാര്‍ട്ടിയിൽ വേണമെങ്കിലും പോകാം. തന്റെ പാര്‍ട്ടി കോൺഗ്രസാണ്, തന്റെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തും. പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ പാര്‍ട്ടിയിൽ നിന്നുയര്‍ന്ന വിമര്‍ശനങ്ങൾ കരുണാകരന്റെ നിലവാരത്തിലേക്ക് പത്മജ എത്തിയില്ലെന്ന നിരാശ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അത്തരത്തിലുള്ള മോശം പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം ഇന്ന് മുംബൈയിൽ സമാപിക്കും. നാളെ മുംബൈ ദാദറിലെ ശിവാജി പാർക്കിൽ നടക്കുന്ന ന്യായ് യാത്രയുടെ സമാപന സമ്മേളനവും മെഗാ റാലിയും ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പ് ശക്തിപ്രകടനമായി മാറും. താനെയിലെ ഭീവണ്ടിയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന പര്യടനം വൈകിട്ടോടെ ദാദറിലെ അംബേദ്ക്കർ സ്മാരകത്തിൽ സമാപിക്കും. മണിപ്പൂരിൽ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 63 ദിവസത്തെ യാത്രയിൽ രാഹുലും സംഘവും 6,700 കിലോമീറ്ററോളം സഞ്ചരിച്ചു. സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ജാഥയുടെ ഭാഗമാകും. ഇന്നലെ മുംബൈയിൽ ചേർന്ന മഹാവികാസ് അഘാഡി യോഗത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അവസാനവട്ട നീക്കുപോക്കുകൾ ചർച്ചയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam