
തിരുവനന്തപുരം: ഒരു വീട്ടിലെ പത്തിൽ കൂടുതൽ പേർക്ക് കൊവിഡ് വന്നാൽ വീട് തന്നെ മൈക്രോ കണ്ടെയിന്മെന്റ് സോണായി കണക്കാക്കാമെന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. സ്ഥാപനങ്ങളിലെയും കച്ചവട കേന്ദ്രങ്ങളിലെയും ക്ലസ്റ്ററുകൾക്ക് സമാനമായി വീടുകളിലും നിയന്ത്രണം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ 100 മീറ്റർ പരിധിയിൽ 5ൽ ക്കൂടുതൽ രോഗികളുണ്ടായാലാണ് മൈക്രോ കണ്ടെയിന്മെന്റ് സോണാക്കുക.
WIPR അടിസ്ഥാനത്തിൽ പൂർണമായും ട്രിപ്പിൾ ലോക്ക് ഡൗണിലായ വാർഡുകൾക്ക് പുറത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷ്മ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് സർക്കാരിന്റെ പുതിയ മാർഗരേഖ. തദ്ദേശസ്ഥാപന വാർഡുകൾക്കുള്ളിലെ ഷോപ്പിംഗ് മാൾ, ഹൗസിങ് കോളനി, ഫ്ലാറ്റ്, മത്സ്യവിൽപ്പന കേന്ദ്രം, വ്യവസായ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവയിൽ നിശ്ചിതസമയം
അഞ്ചിൽ കൂടുതൽ രോഗികളുണ്ടായാൽ ക്ലസ്റ്റർ. ഇവിടെ കണ്ടെയിന്മെന്റ് സോൺ ആക്കി ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തും.
ഇതോടൊപ്പമാണ് പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചിലധികം രോഗികളുണ്ടായാൽ ഇവിടെയും ഏഴ് ദിവസത്തേക്ക് സമാന നിയന്ത്രണം ഏർപ്പെടുത്തും. വീടുകൾക്കുള്ളിലെ വ്യാപനമാണ് രണ്ടാംതരംഗത്തിൽ ഏറെ ഭീഷണിയുണ്ടാക്കിയത് എന്നത് തിരിച്ചറിഞ്ഞാണ് മാറ്റം. ഒരു പ്രദേശത്തെ മൈക്രോ കണ്ടെയിന്മെന്റ് സോണായി കണക്കാക്കുമ്പോൾ ഇതിന്റെ പരിധി 100 മീറ്ററാക്കി ചുരുക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്.
അതേസമയം റോഡ് അതിരിടുന്ന സ്ഥലങ്ങളിൽ കണ്ടെയിന്മെന്റ് സോൺ വരുമ്പോൾ, ഇത് ഒരു വശം മാത്രമായി അടയ്ക്കാതെ ഇരുവശത്തെയും കടകളും സ്ഥാപനങ്ങളും ഇതിന്റെ പരിധിയിലുൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. നിലവിലെ WIPR കണക്കാക്കിയുള്ള 634 തദ്ദേശ വാർഡുകൾ പൂർണമായി അടച്ചുള്ള നിയന്ത്രണം അതേപടി തുടരും.
ഓണക്കാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും രാത്രികാലങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്നാണ് പൊലീസ് അറിയിപ്പ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വാക്സീൻ സർട്ടിഫിക്കറ്റ് പരിശോധിക്കും. ഓണാഘോഷങ്ങളും സദ്യയും വീട്ടിലൊതുക്കണമെന്നാണ് ഡിജിപിയുടെ നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam