കൊച്ചിയിൽ ചെരുപ്പ് കമ്പനി കത്തി നശിച്ചു, കത്തിച്ചതെന്ന് ഉടമയുടെ പരാതി, പൊലീസ് അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Jan 20, 2023, 12:10 PM IST
Highlights

കമ്പനിയിലെ വസ്തുക്കളടക്കം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

കൊച്ചി : കൊച്ചിയിൽ ചെരുപ്പ് കമ്പനി കത്തി നശിച്ചു. കലൂരിലെ ലിബ കമ്പനിയാണ് കത്തിനശിച്ചത്. കമ്പനി കത്തിച്ചതെന്നാണ് ഉടമയുടെ പരാതി. ബിഹാർ സ്വദേശിയായ മുർഷിദ് എന്നയാളുടേതാണ് കമ്പനി. സ്ഥാപനം കത്തിച്ചതാണെന്ന് മുർഷിദ് പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കമ്പനി കത്തി നശിച്ചത്. കമ്പനിയിലെ വസ്തുക്കളടക്കം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ല. എന്നാൽ സമീപവാസികളുമായി ഇന്നലെ രാവിലെ വാക്കേറ്റമുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. 

കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ ഇർഫാൻ എന്ന ഇതര സംസ്ഥാന തൊഴിലാളി ചായ കുടിക്കാൻ പുറത്ത് പോയപ്പോൾ അടുത്ത വീട്ടിലെ പെൺകുട്ടിക്ക് മിഠായി നൽകിയിരുന്നു. ഇത് ഈ കുട്ടിയുടെ സഹോദരൻ കാണുകയും പിതാവെത്തി പ്രശ്നം ഉണ്ടാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി. നാളെ മുതൽ കമ്പനി ഇവിടെ കാണില്ലെന്നായിരുന്നു ഭീഷണിയെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു. 
 
പുലർച്ചെ നാല് മണിക്ക് കത്തിപ്പിടിക്കുന്നതാണ് കണ്ടത്. പുറത്തുനിന്നാണ് തീ പിടിച്ചത്. കമ്പനിക്കുള്ളിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. തീ പടർന്നപ്പോൾ പുക ശ്വസിച്ച് ശ്വാസം മുട്ടിയതോടെ ഇവർ ഇറങ്ങിയോടുകയായിരുന്നു. അഞ്ച് വണ്ടി ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഒരു മണിക്കൂർ വൈകിയാണ് ഫയർഫോഴ്സ് എത്തിയതെന്നും ഇവർ പറഞ്ഞു. 

click me!