
പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാർ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കൊലപാതകം നടന്ന ഡിസംബർ രണ്ടിന് അർദ്ധരാത്രിയിലും മൂന്നാം തിയതി പകലുമായി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോർച്ചയുടെ പെരിങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
സന്ദീപിനെ എങ്ങനെ കൊല്ലണമെന്ന് ആസൂത്രണം ചെയ്യാൻ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികളായ പ്രമോദ്, നന്ദു അജി, മൺസൂർ, വിഷ്ണു അജി എന്നിവർക്കായി ജിഷ്ണു കുറ്റൂരിലെ ലോഡ്ജിൽ മുറി എടുത്തു നൽകി. ഇവിടെ നിന്നാണ് പ്രതികൾ കൃത്യം നടപ്പിലാക്കാൻ ചാത്തങ്കരിയിലേക്ക് പോയത്. ഒന്നാം പ്രതിക്ക് മാത്രമാണ് സന്ദീപിനോട് രാഷ്ട്രീയ വൈരാഗ്യമെന്നും മറ്റുള്ളവർ ജിഷ്ണുവിനെ സഹായിക്കാൻ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam