
പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് കുറ്റപത്രം സമർപ്പിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉൾപ്പടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 9 മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉൾപ്പടെ കേസിൽ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സർപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ സമരത്തിനിറങ്ങാൻ ഒരുങ്ങവെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ബിഷപ്പിനെതിരെ ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത്, അന്യായമായി തടഞ്ഞുവെക്കൽ, അധികാരദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിക്കൽ, പ്രകൃതിവിരുദ്ധലൈംഗികപീഡനം നടത്തി, ഭീഷണിപ്പെടുത്തൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ എന്നീ വകുപ്പുകൾ. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ഇവ.
സാക്ഷികൾ കൂറുമാറാതിരിക്കാൻ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസട്രേറ്റുമാരും സാക്ഷികളാണ്. മൊഴികളെല്ലാം ക്യാമറയിലും പകർത്തിയിട്ടുണ്ട് പ്രതിക്കെതിരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വിശദമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു എസ്പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറായായത്.
പാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെങ്കിലും കോട്ടയം ജില്ലാ കോടതിയിലായിരിക്കും കേസിലെ പ്രാഥമിക വാദം നടക്കുക
കഴിഞ്ഞ സെപ്റ്റംബർ 21നാണ് അന്വേഷണസംഘത്തിന്‍റെ തലവനായ ഡിവൈഎസ്പി കെ സുഭാഷ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീമാർ തെരുവിൽ സമരം നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. 25 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഇപ്പോൾ ജലന്ധറിലാണ് ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam