'സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്'; കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

By Web TeamFirst Published Jul 31, 2020, 8:59 PM IST
Highlights

സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി.

സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിൻ്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി.

സ്വര്‍ണക്കടത്ത് കേസിൽ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടികെ റമീസിന്‍റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം  ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. അടുത്ത മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കുമെന്നാണ് അറിവ്. 

ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20  മണിക്കൂറും ചോദ്യം ചെയ്താണ് എൻഐഎ ശിവശങ്കറിനെ പറഞ്ഞുവിട്ടത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി ഇത്തരത്തില് ചോദ്യം ചെയ്യുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തല്‍ക്കാലത്തേക്ക് വിട്ടയച്ചതോടെ സര്‍ക്കാര്‍ രക്ഷപ്പെട്ടെങ്കിലും ഈ ആശ്വാസം എത്ര കാലം നിലനില്‍ക്കുമെന്ന് കണ്ടറിയണം.

അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതല്‍ തെളിവുകള് ശേഖരിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഇപ്പോള്‍ എന്‍ ഐഎയുടെ കസ്റ്റഡിയിലുള്ള ടികെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. 

click me!