ചീട്ട് കളിക്കാരുമായി ബന്ധം; മണര്‍കാട് സിഐയ്ക്ക് സസ്പെൻഷൻ

By Web TeamFirst Published Jul 31, 2020, 8:47 PM IST
Highlights

മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയുള്ള സങ്കേതത്തിലാണ് ചീട്ട് കളി നടന്നിരുന്നത്. വിവരമുണ്ടായിരുന്നിട്ടും പൊലീസ് ചീട്ട് കളിക്കാരെ പിടികൂടാൻ തയ്യാറായിരുന്നില്ല. 

കോട്ടയം: ചീട്ട് കളി സംഘത്തിനെ രക്ഷപ്പെടാൻ സഹായിച്ച കോട്ടയം മണര്‍‍കാട് സിഐയ്ക്ക് സസ്പെൻഷൻ. സിഐയും ചീട്ട് കളി സംഘത്തലവനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നടപടി. മണര്‍കാട് ചീട്ട് കളി സങ്കേതത്തില്‍ നടന്ന റെയ്‍ഡില്‍ 18 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്ത്.

ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന 43 പേര്‍ അറസ്റ്റിലായി. മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയുള്ള സങ്കേതത്തിലാണ് ചീട്ട് കളി നടന്നിരുന്നത്. വിവരമുണ്ടായിരുന്നിട്ടും പൊലീസ് ചീട്ട് കളിക്കാരെ പിടികൂടാൻ തയ്യാറായിരുന്നില്ല. ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം മണര്‍കാട് പൊലീസിനെ അറിയിക്കാതെയായിരുന്നു റെയ്‍ഡ് നടത്തിയത്.

മഹസര്‍ തയ്യാറാക്കാൻ വിളിച്ചപ്പോള്‍ മാത്രമാണ് മണര്‍കാട് സിഐയും സംഘവും റെയ്‍ഡ് വിവരം അറിഞ്ഞത്. ആദ്യം ചീട്ട് കളി സംഘത്തലവനെതിരെ കേസെടുക്കാൻ തയ്യാറായില്ല. വിവാദമായതോടെ കേസെടുത്തു. ഒളിവില്‍ പോയ മുഖ്യപ്രതിയുമായി നടത്തിയ സംഭാഷണവും പുറത്ത് വന്നതോടെ സിഐ രതീഷ് കുമാര്‍ വെട്ടിലായി

പൊലീസ് പിടികൂടാതിരിക്കാൻ ഒളിവില്‍ പോകണമെന്ന് പ്രതിയോട് പറഞ്ഞ സിഐ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കണമെന്നും പറയുന്നത് ഫോണ് സംഭാഷണത്തില്‍ വ്യക്തമാണ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിഐയെ മണര്‍കാട് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. മുഖ്യപ്രതി മാലം സുരേഷ് ഇപ്പോഴും ഒളിവിലാണ്.

click me!