സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപ, ഇടപെട്ടത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാ‍ർട്ടേ‍ഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

By Web TeamFirst Published Nov 6, 2020, 11:23 AM IST
Highlights

ഓരോ ഘട്ടത്തിലും ശിവശങ്കറിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാലിന്‍റെ മൊഴി.

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരനെ കുടുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെ മൊഴി. തന്നോട് ശിവശങ്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വപ്ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതെന്നും, എല്ലാം ചെയ്തത്  ശിവശങ്കറിന്‍റെ അറിവോടെയാണെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴികളെ പൊളിക്കുന്നതാണ് വേണുഗോപാലിന്‍റെ മൊഴി.

ഓരോ ഘട്ടത്തിലും ശിവശങ്കറിന്‍റെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും എല്ലാത്തിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. സ്വപ്നയ്ക്ക് ലോക്കര്‍ എടുത്ത് കൊടുത്തത് ശിവശങ്കരന്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും വേണുഗോപാല്‍ സ്ഥിരീകരിച്ചു. 

തന്‍റെ സുഹൃത്തായ സ്വപ്നയ്ക്ക് പാരിതോഷികമായി കിട്ടിയ പണം സൂക്ഷിക്കുന്നതിന് സഹായിക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ഇതിനായി തന്‍റെ വീട്ടിൽ ഇരുവരും എത്തി. 34 ലക്ഷം രൂപയാണ് ആദ്യം ഏൽപിച്ചത്. ശിവശങ്കറിന്‍റെ കൂടി അറിവോടെയാണ് ലോക്കർ തുറന്നതെന്നും മൊഴിയിലുണ്ട്. എന്നാൽ നേരത്തെ ശിവശങ്കർ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. 

തന്‍റെ കൂടെ പേരിൽ ലോക്കർ തുറന്നശേഷം മൂന്നൂ നാലു തവണയായി സ്വപ്നയ്ക്ക് പണമെടുത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ ശിവശങ്കറെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ വേണുഗോപാലുമായി പരിചയപ്പെടുത്തിയതല്ലാതെ പണമിടപാടുകൾ താനറിഞ്ഞിരുന്നിന്നെല്ലാണ് ശിവശങ്കർ നേരത്തെ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരുന്നത്. മാത്രവുമല്ല ലോക്കർ തന്‍റെ പേരിൽ മാറ്റണമെന്ന് ശിവശങ്കറോടടക്കം ആവശ്യപ്പെട്ടിരുന്നെന്നും വേണുഗോപാലിന്‍റെ മൊഴിയിലുണ്ട്. 

കേസിൽ വേണുഗോപാലിനെ സാക്ഷിയാക്കാൻ നിലവിൽ എൻഫോഴ്സ്മെന്‍റ് തീരുമാനം. ഇതിനിടെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ലൈഫിലെ മറ്റൊരു കരാറുകാരനായ ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ഉടമ ആദിത്യ നാരായണ റാവു ചോദ്യം ചെയ്യലിന് ഹാജരായില്ല. പനിയുണ്ടന്നും കൊവി‍ഡ‍് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നുമാണ് മറുപടി നൽകിയിരിക്കുന്നത്. 

കൊവിഡ് ബാധിച്ചതിനാൽ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും അറിയിച്ചിരുന്നു. ലൈഫിലടക്കം സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന പദ്ധതികളുടെ ഔദ്യോഗിക വിവരങ്ങൾ ശിവശങ്കർ സ്വപ്ന സുരേഷിനെ കൈമാറിയെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ നിലവിലെ ആരോപണം.

click me!