ചാവക്കാട് കൊലപാതകം; അറസ്റ്റിലായ മുഖ്യ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

By Web TeamFirst Published Aug 4, 2019, 7:08 AM IST
Highlights

എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ ആക്രമിച്ചതും നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയിൽ നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നന്നതുമാണ് സൗഷാദിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 
 

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഡിപിഐ പ്രവർത്തകനായ മുബീൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മുബീൻ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ ആക്രമിച്ചതാണ് നൗഷാദിന്റെ കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐയിൽ നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും നൗഷാദിനോടുള്ള പക കൂട്ടി. എസ്ഡിപിഐ പ്രാദേശിക നേത്യത്വത്തിന്റെ അറിവോടെയായിരുന്നു കൊല നടത്തിയതെന്നും മുബീൻ വ്യക്തമാക്കി.

വായിക്കാം; ചാവക്കാട് കൊലപാതകം; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍

കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്ന സെന്ററിൽ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ വെട്ടിക്കൊന്നത്. നൗഷാദ് ഉൾപ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ചാണ് നൗഷാദ് മരണപ്പെട്ടത്.  

click me!