ആ സൗമ്യ മുഖം ഇനി തലസ്ഥാനത്തേക്കില്ല; കെഎം ബഷീര്‍ ഓര്‍മ്മയായി

By Web TeamFirst Published Aug 4, 2019, 6:48 AM IST
Highlights

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അമിത വേ​ഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടത്. 

കോഴിക്കോട്: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരിൽ നടന്നു. കുടുംബ വീടിന് അടുത്ത് പുലർച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അമിത വേ​ഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ അപകടത്തിൽപെട്ടത്. കേസിൽ ഇന്നലെ വൈകിട്ട് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന സു​ഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. കൂളിംഗ് ഫിലിം ഒട്ടിച്ച് ചില്ലുകൾ മറച്ചതിനും തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയതിനും കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കും. 

click me!