മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം, സന്ദേശം കിട്ടിയത് പേഴ്സണൽ സ്റ്റാഫിന്; പിന്നിൽ ഉത്തരേന്ത്യൻ സംഘം

By Web TeamFirst Published Apr 25, 2022, 6:37 PM IST
Highlights

നേരത്തെ സ്പീക്കറുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതിയി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

നേരത്തെ സ്പീക്കറുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീൺ ബാലചന്ദ്രൻ പിടിയിലായത്. തൃശൂർ മിണാലൂർ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്.

പണം നഷ്ടപ്പെട്ട യുവതി നേരിട്ട് സ്പീക്കർ എംബി രാജേഷിനെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്.  പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം നേരത്തെ ആറ് കേസുകളുണ്ടായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ പ്രവീൺ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.  

click me!