'മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണം'; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Dec 20, 2019, 10:54 AM IST
Highlights

മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്. 

തിരുവനന്തപുരം: മംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്.ഇതിന്‍റെ ഭാഗമായി ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപിയുമായി സംസാരിച്ചു.

സ്വതന്ത്രമായി റിപ്പോര്‍ട്ടിംഗ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരളസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മംഗലാപുരത്ത് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‍തിരുന്ന മാധ്യമസംഘത്തെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

റിപ്പോര്‍ട്ടിംഗ് തടസപ്പെടുത്തിയ പൊലീസ് മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ രേഖകൾ പരിശോധിക്കാനാണ് മംഗളൂരുവില്‍ മാധ്യമപ്രകവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായ രേഖകൾ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിംഗിന് അനുവദിക്കാമെന്നാണ് ഇപ്പോൾ പൊലീസിന്‍റെ നിലപാട് .



 

click me!