
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂർവ്വമായ രോഗാവസ്ഥയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. അതിനാലാണ് സ്വകാര്യലാബിൽ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാൻ നിർദ്ദേശിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. മെഡിക്കൽകോളേജിലെ തിരക്ക് കാരണമാണ് ക്യാൻസർ സംശയിച്ച് വരുന്ന രോഗികളെ സ്വകാര്യ ലാബുകളേക്ക് വിടുന്നതെന്നും മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കൽ പരിശോധനയിലും ക്യാൻസറിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. അഞ്ച് സെന്‍റിമീറ്റർ വലിപ്പത്തിലുള്ള മുഴയാണ് രജനിയിൽ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ 200 പേരിൽ മാത്രം കണ്ടിട്ടുള്ള രോഗാവസ്ഥയാണ് ഇത്. ഈ അവസ്ഥയുണ്ടായിരുന്നതിൽ 50 ശതമാനവും ക്യാൻസറായി മാറിയിട്ടുണ്ട്.
അതിനാലാണ് മെഡിക്കൽ കോളേജിലെ ലാബിനൊപ്പം സ്വകാര്യ ലാബിലേക്കും അയച്ചത്. ഇത് സാധാരണ ചെയ്യാറുണ്ടെന്നും കോളേജ് സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച അധ്യാപകനാണ് സ്വകാര്യ ലാബിൽ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. അതിന് വിശ്വാസ്യതയുള്ളതിനാലാണ് ചികിത്സ തുടങ്ങിയതെന്നും മന്ത്രിക്ക് സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, രണ്ട് മാസം മുൻപ് ഇതേ റിപ്പോർട്ട് മന്ത്രിക്ക് നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. വീണ്ടും ആ റിപ്പോർട്ട് തന്നെയാണ് സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചവർ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ലാബുകളെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആശ്രയിക്കുന്നത്. അവരുടെ പ്രവർത്തനപരിചയമാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
എന്നാൽ അധ്യാപകരും ജൂനിയർ ഡോക്ടർമാരുമുൾപ്പടെ 38 പേരുള്ള പത്തോളജി വിഭാഗത്തിൽ നിന്ന് വേഗം ഫലം കിട്ടേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കൽകോളേജിൽ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യലാബുകളെ പ്രവർത്തനങ്ങൾ സർക്കാർ പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam