കാലവര്‍ഷം വൈകുന്നു; ജൂണ്‍ എട്ടിന് കേരളം തൊടും

By Web TeamFirst Published Jun 5, 2019, 8:42 AM IST
Highlights

അറബി കടലിലെ പടിഞ്ഞാറു ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത് തടയുന്നത്. മൂന്ന് ദിവസമായി ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയ കാലവര്‍ഷം സാധാരണയായി ജൂണ്‍ ആറോടുകൂടി കേരളം തൊടേണ്ടതായിരുന്നു.

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ എട്ടിനേ എത്തൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം. അറബി കടലിലെ പടിഞ്ഞാറു ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം കേരളത്തിലെത്തുന്നത് തടയുന്നത്.

മൂന്ന് ദിവസമായി ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയ കാലവര്‍ഷം സാധാരണയായി ജൂണ്‍ ആറോടുകൂടി കേരളം തൊടേണ്ടതായിരുന്നു. ലക്ഷദ്വീപ് ഭാഗത്ത് രൂപം കൊള്ളുന്ന അന്തരീക്ഷ ചുഴി കാലവര്‍ഷത്തെ കേരളത്തിലേക്ക് അടുപ്പിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ചില സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സികള്‍ കേരളത്തില്‍ ജൂണ്‍ എട്ടിന് മാത്രമേ കാലവര്‍ഷം എത്തൂവെന്ന് പ്രവചിച്ചിരുന്നു. 2016ന് ശേഷം ആദ്യമായാണ് കാലവര്‍ഷം ഇത്രയും വൈകുന്നത്.

കേരളത്തില്‍ ഇക്കുറി സാധാരണ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കേരളത്തില്‍ പലയിടത്തും വേനല്‍മഴ സജീവമായി. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തി. 2016 ലാണ് ഇതിന് മുമ്പ് കാലവര്‍ഷം വൈകിയത്. ജൂണ്‍ 8 നാണ് അന്ന് കാലവര്‍ഷം എത്തിയത്. 

click me!