ചെങ്ങോട്ട്മലയിലെ കരിങ്കല്‍ ഖനനം; ഡി ആന്‍റ് ഒ ലൈസന്‍സ് നൽകാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ

By Web TeamFirst Published Nov 6, 2020, 12:08 PM IST
Highlights

ചെങ്ങോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ഡി ആന്‍റ് ഒ ലൈസന്‍സ് അനുവദിക്കാനാണ് സംസ്ഥാന ഏകജാലക ബോര്‍ഡിന്‍റെ തീരുമാനം. അപകടകരമായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സാണിത്. 

കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിന് ഡി ആന്‍റ് ഒ ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പരിസ്ഥിതി അനുമതി ലഭിക്കാതെ ലൈസന്‍സ് അനുവദിച്ചത് ഏക ജാലക ബോര്‍ഡും ക്വാറി കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

വര്‍ഷങ്ങളായി കോഴിക്കോട് ചെങ്ങോട്ട് മലയിലെ ഖനനത്തിനെതിരെ സമരത്തിലാണ് നാട്ടുകാര്‍. എന്നാലിപ്പോള്‍ ചെങ്ങോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ഡി ആന്‍റ് ഒ ലൈസന്‍സ് അനുവദിക്കാനാണ് സംസ്ഥാന ഏകജാലക ബോര്‍ഡിന്‍റെ തീരുമാനം. അപകടകരമായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സാണിത്. 

മേയ് 25 ന് നടന്ന ഏകജാലക ബോര്‍ഡ് യോഗത്തില്‍ ചെങ്ങോട്ട്മല അജണ്ട പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയും സമരസമിതിയും പ്രതിഷേധിച്ചിരുന്നു. അജണ്ട മാറ്റിവച്ചെന്നായിരുന്നു പഞ്ചായത്തിനെ അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് തന്നെ അജണ്ട പരിഗണിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ചട്ടവിരുദ്ധമായാണ് ഈ അനുമതി നല്‍കിയിരിക്കുന്നതെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.

ക്വാറി കമ്പനിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ ഇനി പഞ്ചായത്ത് ഡി ആന്‍റ് ഒ ലൈസന്‍സ് അനുവദിക്കേണ്ടി വരും. ഏക ജാലക ബോര്‍ഡിന്‍റെ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനുള്ള തീരുമാനത്തിലാണ് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍.

click me!