
തിരുവനന്തപുരം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിക്കെതിരെ നിയമസഭയിൽ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു. ലീവ് സറണ്ടറും ഡിഎ കുടിശ്ശികയും അനുവദിക്കാത്ത സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.
മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നതാണ്. 700 കോടി രൂപയോളം ഇൻഷുറൻസ് കമ്പനിയിലേക്ക് എത്തപ്പെടുന്നുണ്ട്. എന്നാൽ പ്രശസ്തമായ ഇൻഷുറൻസ് കമ്പനികളൊന്നും തന്നെ ഈ ലിസ്റ്റിൽ ഇല്ല. പദ്ധതിയിൽ ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല. മെഡിസെപ്പ് കവറേജുള്ള ലിസ്റ്റിലുള്ളതിൽ അധികവും കണ്ണാശുപത്രികളാണ്, അവിടെയാണോ ക്യാൻസർ ചികിത്സ നടത്തേണ്ടത് ? മെഡിസെപ്പ് പദ്ധതിക്കായി വാർഷിക പ്രീമിയമായി 6000 രൂപ ജിവനക്കാരിൽ നിന്ന് ഈടാക്കുമ്പോൾ അതിൽ 336 രൂപ മാത്രമാണ് സർക്കാര്‍ വിഹിതം. നാൽപത് കോടി രൂപയാണ് ഇതിലൂടെ ധനവകുപ്പിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ പേര് മെഡിസെപ്പ് എന്നല്ല മേടിക്കൽ സെപ്പ് എന്ന് മാറ്റണം. കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണം. എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട ആശുപത്രികളിലും ചികിത്സ ഉറപ്പാക്കണം. മെഡിസെപ്പിന് ഹെൽപ് ഡെസ്ക് പോലും ഇല്ല. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സര്‍ക്കാര്‍ തിരക്കിട്ട് നടപ്പിലാക്കിയ പദ്ധതിയാണിത്.
അതേസമയം മെഡിസെപ്പ് പദ്ധതിക്ക് കിട്ടിയത് വലിയ സ്വീകാര്യതയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും 50 വയസ്സിന് മുകളിലുള്ളവർക്ക് പദ്ധതി വലിയ ഉപകാരപ്രദമാണെന്നും ധനമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ഇൻഷുറൻസ് കമ്പനിക്ക് പണം നൽകുന്നത് ജിഎസ്ടി അടക്കമാണ്. പദ്ധതി നടപ്പാക്കാതിരിക്കാൻ ആശുപത്രി ലോബി പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ഒരുമിച്ച് നേരിടണം. ഇനിയും വൈകിയാൽ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നേക്കും. അതുകൊണ്ടാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. പദ്ധതി നടപ്പാക്കുന്നതിൽ ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam