
തിരുവനന്തപുരം: ഹൈക്കമാൻഡ് പ്രതിനിധികൾ അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കെ പ്രതിപക്ഷനേതാവാരായിരിക്കുമെന്ന കാര്യത്തിൽ സംസ്ഥാന കോൺഗ്രസ്സിൽ അഭ്യൂഹങ്ങൾ ശക്തം. ചെന്നിത്തല തുടരണമെന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് വിഡി സതീശൻ. കേരളത്തിൽ എത്തുന്ന എഐസിസി പ്രതിനിധികൾ എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടാവും അഭിപ്രായം തേടുക.
പിണറായിക്ക് ഭരണത്തുടർച്ച വരുമ്പോൾ പ്രതിപക്ഷനേതൃസ്ഥാനത്താരാകും എന്നതാണ് ഇനിയുള്ള പ്രധാന ചോദ്യം. നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ എന്ത് തീരുമാനവും ഹൈക്കമാൻഡിന് എടുക്കാമെന്നാണ് ചെന്നിത്തല രാഷ്ട്രീയകാര്യസമിതിയിൽ പറഞ്ഞ നിലപാട്. പക്ഷെ മുല്ലപ്പള്ളി മാറിയാലും ചെന്നിത്തല തുടരട്ടെ എന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കൾ ആഗ്രഹിക്കുന്നു. ആകെയുള്ള 21 പാർട്ടി എംൽഎമാരിൽ ഐക്ക് 12 ഉം എക്ക് 9 എം എംഎൽഎമാരാണുള്ളത്. എന്നാൽ ഐ ക്കാർ മുഴുവൻ ചെന്നിത്തലയെ അനുകൂലിക്കുന്നവരല്ല, ചെന്നിത്തല തുടരുന്നതിൽ കാര്യമായ എതിർപ്പ് ഉയർത്തേണ്ടെന്നെ അഭിപ്രായം എ ക്യാമ്പിലുണ്ട്.
ഗ്രൂപ്പ് നേതൃത്വത്തിൻ്റെ താല്പര്യങ്ങൾക്ക് അപ്പുറം മാറ്റത്തോട് ഭൂരിപക്ഷം എംഎൽഎമാരും യോജിക്കുമെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. പാർലമെൻ്ററി പാർട്ടി യോഗത്തിൽ എന്തായാലും വോട്ടെടുപ്പ് ഉണ്ടാകില്ല. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും എംഎൽഎമാരെ ഒറ്റക്കൊറ്റക്കായാകും കാണുക. അഭിപ്രായം ശേഖരിച്ചശേഷം സംഘം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ജൂണിൽ നിയമസഭാ സമ്മേളനം ചേരും മുമ്പ് പ്രതിപക്ഷനേതാവിൻ്റെ കാര്യത്തിൽ തീരുമാനം വരും. +
ബൂത്ത് തലം മുതൽ പാർട്ടിയിൽ മാാറ്റത്തിനാണ് ധാരണയെങ്കിലും നടപടി ക്രമങ്ങൾ തീരാൻ സമയമെടുക്കുന്നതിനാൽ മുല്ലപ്പള്ളിക്ക് കുറച്ചുകാലം കൂടി തുടരാനാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണക്ക് കൂട്ടൽ. പക്ഷേ ചെന്നിത്തല മാറിയാൽ പിന്നെ മുല്ലപ്പള്ളിക്ക് അധികം പിടിച്ചുനിൽക്കാനാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam