എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഐക്യം പ്രായോഗികമല്ലെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി

തിരുവനന്തപുരം: എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി. ഇന്ന് ചേർന്ന എൻ എസ് എസ് ഡയറക്ടർ ബോർഡാണ് എസ് എൻ ഡി പിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എൻ എസ് എസ് തീരുമാനിച്ചതെന്ന് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എൻ എസ് എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും എതിർത്തതോടെയാണ് സംയുക്ത നീക്കത്തിൽ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്. ഐക്യ നീക്കത്തിന് ദൂതനായി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതാണ് തിരിച്ചടിയായത് എന്നാണ് വ്യക്തമാകുന്നത്.

സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിങ്ങനെ

നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എന്നാൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം പേരും സാമുദായിക ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു. ഇതിനൊപ്പം സുകുമാരൻ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചതോടെയാണ് തീരുമാനമായത്. സുകുമാരൻ നായരുടെ കൂടി അംഗീകാരത്തോടെയാണ് ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്‍റെ പിന്മാറ്റം. ഡയറക്ടർ ബോർഡിന്‍റെ അറിയിപ്പിൽ ഒപ്പുവച്ചിട്ടുള്ളതും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെയാണ്. സാമുദായിക ഐക്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എൻ എസ് എസിന്‍റെ പിന്മാറ്റം. പ്രത്യേകിച്ചും മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ കടുത്ത വിമ‍ർശനങ്ങൾ തുടരുന്ന സാഹചര്യം സമദൂരമെന്ന നിലപാടിന് വെല്ലുവിളിയാണെന്ന് എൻ എസ് എസ് വിലയിരുത്തിയിട്ടുണ്ട്. ഒപ്പം എൻ എസ് എസ് - എസ് എൻ ഡി പി ഐക്യ നീക്കത്തിന് ദൂതനായി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതും വലിയ തിരിച്ചടിയായി എന്നാണ് വ്യക്തമാകുന്നത്. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളി സാമുദായിക ഐക്യ നീക്കത്തിന് ദുതനാകുന്നതിലെ രാഷ്ട്രീയം ചോദ്യമാകുമെന്ന് ഉറപ്പായിരുന്നു. ഇത് കൂടി വിലയിരുത്തിയാണ് എൻ എസ് എസിന്‍റെ പിന്മാറ്റം.

YouTube video player

YouTube video player