വിജയരാഘവൻ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്നു, സഭാ തർക്കത്തിൽ മോദി ഇടപെട്ടതിൽ എതിർപ്പില്ല: ചെന്നിത്തല

Published : Feb 01, 2021, 10:42 AM ISTUpdated : Feb 01, 2021, 10:43 AM IST
വിജയരാഘവൻ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്നു, സഭാ തർക്കത്തിൽ മോദി ഇടപെട്ടതിൽ എതിർപ്പില്ല: ചെന്നിത്തല

Synopsis

 ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായിട്ടാണ് താരങ്ങൾ അവാർഡ് വാങ്ങാൻ വന്നത്. അവരോട് ഇത്രയും മോശമായി പെരുമാറിയത് ശരിയായില്ല. 

കാസർകോട്: മുന്നോക്ക സംവരണ വിഷയത്തിൽ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നോക്ക സംവരണത്തെ യുഡിഎഫ് ഒന്നിച്ചു നിന്ന് സ്വാഗതം ചെയ്തതാണെന്നും മുന്നോക്ക സംവരണത്തിൽ മുസ്ലീം സമുദായം അവഗണിക്കപ്പെടരുതെന്ന ആശങ്കമാത്രമാണ് മുസ്ലീം ലീഗ് പങ്കുവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ആദ്യദിനത്തിൽ കാസർകോട് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

ശമ്പളപരിഷ്കരണത്തിൽ സർക്കാർ കേരള പൊലീസിനെ പൂർണമായും അവഗണിച്ചു. ഇക്കാര്യത്തിൽ പൊലീസുകാർക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവും നിലനിൽക്കുന്നുണ്ട്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായിട്ടാണ് താരങ്ങൾ അവാർഡ് വാങ്ങാൻ വന്നത്. അവരോട് ഇത്രയും മോശമായി പെരുമാറിയത് ശരിയായില്ല. 

ചെന്നിത്തലയുടെ വാക്കുകൾ - 

ഐശ്വര്യകേരള യാത്രയ്ക്ക് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇടതുമുന്നണിക്കെതിരായ ജനവികാരം യാത്രയിൽ ദൃശ്യമാണ്. ഇടതുസർക്കാർ കാസർകോട് ജില്ലയെ പാടെ അവഗണിച്ചു. കാസർകോട് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം ഒച്ചിൻ്റെ വേഗത്തിലാണ് നടക്കുന്നത്. മെഡിക്കൽ കോളേജിനായി ബജറ്റിൽ ഒന്നും നീക്കിവച്ചില്ല. 

എൻഡോസൾഫാൻ ഇരകൾക്കായി പറഞ്ഞ പദ്ധതികളൊന്നും നടപ്പാക്കിയില്ല. ദുരിതബാധിതർക്ക് സഹായം തേടി ഡിവൈഎഫ്ഐയാണ് കോടതിയിൽ പോയത്. ദുരിതാശ്വാസമായി സുപ്രീംകോടതി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പോലും കിട്ടാത്ത നിരവധി പേർ ജില്ലയിലുണ്ട്. ഡിവൈഎഫ്ഐക്കാർ സുപ്രീം കോടതിയിൽ പോയി നേടിയെടുത്ത ഉത്തരവ് പോലും ഈ സർക്കാരിന് നടപ്പാക്കാനായിട്ടില്ല.

ദുരിതബാധിതർക്കായി സായി ബാബ ട്രസ്റ്റ് നിർമ്മിച്ച വീടുകൾക്ക് ഇതുവരെ പട്ടയം നൽകിയില്ല. കാസർകോടിനോട് കടുത്ത അവഗണനയാണ് ഈ സർക്കാർ കാണിക്കുന്നത്. കാസർകോട് വികസന പാക്കേജിലെ പദ്ധതികളൊന്നും നടപ്പാക്കിയില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കാസർകോടിന് വലിയ മുൻഗണന തന്നെ നൽകും.ഭെൽ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കും. കേന്ദ്രസർക്കാർ ഭെലിനോട് കാട്ടുന്ന അവഗണന സംസ്ഥാന സർക്കാരിൻ്റെ പിടിപ്പു കേടു കൊണ്ടാണ്. 

കൊവിഡ് അടക്കം എല്ലാ ദുരിത കാലത്തും കഷ്ടപ്പെട്ട് പണിയെടുത്തവരാണ് കേരളത്തിലെ പൊലീസുകാർ. അവരെ പാടെ അവഗണിക്കുകയാണ് ഈ സർക്കാർ. ശമ്പളക്കമ്മീഷൻ ശുപാർശയിലും പൊലീസ് അവഗണിക്കപ്പെട്ടു. ഇതിൽ വലിയ പ്രതിഷേധം പൊലീസുകാർക്കുണ്ട്. ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് ആശ്വാസകരമല്ല. വളരെ വൈകിയാണ് റിപ്പോർട്ട് വന്നത്. ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടതിൻ്റെ ബാധ്യത മുഴുവൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് വച്ചു കെട്ടിയിരിക്കുകയാണ്. 

ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ പുരസ്കാര ജേതാക്കളെ അപമാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പുരസ്കാരം മേശപ്പുറത്ത് നിന്നും എടുക്കാൻ പറഞ്ഞു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അവാർഡ് വാങ്ങാൻ വന്നവരാണ് ഈ കലാകാരൻമാർ. കൊവിഡ് കാലത്ത് പല അവാർഡുകളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ച് കലാകാരൻമാരെ അപമാനിച്ചതെന്ന് അറിയില്ല. 

യുഡിഎഫിൻ്റെ സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവും തർക്കമില്ലാതെ പൂർത്തിയാകും. മുഖ്യമന്തിയെ ഹൈക്കമാൻഡ് തീരുമാനിക്കും. കള്ളവോട്ട് ചെയ്യാൻ ഒത്താശ ചെയ്യാത്തതിന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎയ്ക്കെതിരെ ഒരു നടപടിയും എടുക്കില്ല. അങ്ങനെയൊരു നല്ല നടപടി ആരും പ്രതീക്ഷിക്കുകയും വേണ്ട. 

മുന്നാക്ക സംവരണ വിഷയത്തിൽ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുകയാണ് സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി വിജയരാഘവൻ. 10% സംവരണത്തെ യുഡിഎഫ് ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്തത്. മുസ്ലീം പിന്നോക്ക സമുദായത്തെ സംവരണം ബാധിക്കരുത് എന്നാണ് ലീഗ് പറഞ്ഞത്. അതിൽ എന്താണ് തെറ്റുള്ളത്.  അവർക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമേ ലീഗ് പറഞ്ഞുള്ളൂ. തില്ലങ്കേരി മോഡലിൽ ബിജെപി സിപിഎം ധാരണ സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. 

ഓർത്തഡോക്സ്- യാക്കോബായ തർക്കത്തിൽ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇടപെടുന്നത് കണ്ടാൽ അദ്ദേഹമാണ് ഇപ്പോഴും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ എന്നു തോന്നും. പ്രശ്നം തീർക്കാൻ പ്രധാനമന്ത്രി ഇടപെടുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. പ്രശ്നം പരിഹരിച്ചാൽ മതി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം, കെ സ്മാര്‍ട്ട് സജ്ജം
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും