
കണ്ണൂർ: സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ലാവ്ലിനിൽ സുപരീം കോടതി 20 തവണ സമയം നീട്ടി ചോദിച്ചതിലും ഒത്തുകളിയുണ്ടെന്നും ആരോപിച്ചു.
സ്വർണ്ണക്കടത്ത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിലെ മുസ്ലീങ്ങളെ ഭീകരവാദികളായി സിപിഎം ചിത്രീകരിക്കുകയാണെന്നും ഇതും സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിക്കുന്നു. ബിജെപിയെ വളർത്താനുള്ള നിലപാടാണ് സിപിഎം ശബരിമലയിൽ സ്വീകരിച്ചത്. പിണറായി മോദി അന്തർധാര മനസിലാക്കാൻ പാഴൂർ പടി വരെ പോകേണ്ട കാര്യമില്ല. ചെന്നിത്തല പറഞ്ഞു.
കേന്ദ്ര ബജറ്റിനെയും സംസ്ഥാന പ്രതിപക്ഷ നേതാവ് നിശിതമായി വിമർശിച്ചു. രാജ്യത്തെ വിറ്റു തുലയ്ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും എൽഐസി പോലും കുത്തകകൾക്ക് തീറെഴുതുകയാണെന്നും പറഞ്ഞ ചെന്നിത്തല സംസ്ഥാന ബജറ്റിന്റെ തനിപകർപ്പാണ് കേന്ദ്ര ബജറ്റെന്നും പരിഹസിച്ചു. രണ്ടിലും പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണെന്നാണ് ആക്ഷേപം.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമില്ലെന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam