ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിൽ നിന്നും വാഹനവുമായി മണിയൻപിള്ള രാജു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് യുവാക്കളുടെ വാഹനത്തെ ഇടിക്കുന്നത്.

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലെ അപകടത്തിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും വാഹനവുമായി മണിയൻപിള്ള രാജു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വെള്ളയമ്പലത്തു നിന്നും വഴുതക്കാട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ വാഹനത്തെ ഇടിക്കുന്നത്. ക്ലബ്ബിൽ നിന്ന് വാഹനം ഇറക്കുമ്പോൾ റോഡിന്റെ വശങ്ങൾ മണിയൻപിള്ള രാജു നീരീക്ഷിച്ചിരുന്നില്ല എന്നത് സിസിടിവിയിൽ വ്യക്തമാണ്. പെട്ടെന്നാണ് വാഹനവുമായി റോഡിലേക്ക് ഇറങ്ങിയത്. കാറിന്റെ മുൻവശത്തെ ബോണറ്റ് പൂർണമായും തകർന്നിരിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് യുവാക്കളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം ഉണ്ടാക്കിയ ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Add Asianetnews as a Preferred SourcegooglePreferred

അപകടമുണ്ടാക്കിയ വോൾവോ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. കേസിൽ അറസ്റ്റ് ചെയ്ത മണിയൻപിള്ള രാജുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസെടുത്തപ്പോഴുള്ള എഫ്ഐആറിൽ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് സ്റ്റേഷനിൽ ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ട്രിവാൻഡ്രം ക്ലബിൽ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിദേവ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.

YouTube video player