
ആലപ്പുഴ: ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി ജി പിക്ക് കത്ത് നൽകി. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പ്രവീൺ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹരിത ബാബു ഉൾപ്പെടെ പതിനാറോളം പേർക്കാണ് പരിക്കേറ്റത്. ഏറെ പേർക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉയർന്ന ഉദ്യോഗസ്ഥർ ലാത്തി മുറിയെ തല്ലിയത് ബോധപൂർവ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. പൊലീസ് മാന്യുവൽപോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സർവ്വീസിൽ വെച്ച് പൊറിപ്പിക്കരുത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വനിതകൾക്കുപോലും പ്രത്യേക പരിഗണന ഉണ്ടായില്ല. പുരുഷ പൊലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദർവേഷ് സാഹിബിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നിത്തലയുടെ വാക്കുകൾ
കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയത് ഭീകരമായ മർദ്ദനമാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനു നേരെ ഗുണ്ടാ മോഡൽ ആക്രമണമാണ് പൊലീസ് നടത്തിയത്. പ്രവീണിന്റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. അധികാരത്തിന്റെ അഹങ്കാരത്തിൽ മുഖ്യമന്ത്രിക്കിപ്പോൾ ജനകീയ സമരങ്ങളോട് അലർജിയാണ്. വനിതാ പൊലീസുകാരില്ലാതെ വനിതാ പ്രവർത്തകരെ പൊലീസ് നേരിടുക എന്നത് എന്ത് മര്യാദകേടാണ്. ഇതൊരു കാരണവശാലും അംഗീകരിക്കില്ല. മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരെ ജനാധിപത്യസമരങ്ങൾ ഉയർന്നുവരും. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്നവരെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി മുന്നോട്ടുപോകാമെന്ന ധാരണ വേണ്ട. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam