ലൈഫ് മിഷൻ: വിജിലൻസ് പ്രാഥമിക അന്വേഷണം സ്വീകാര്യമല്ല, പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചെന്നും ചെന്നിത്തല

By Web TeamFirst Published Sep 23, 2020, 12:41 PM IST
Highlights

അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സിബിഐ അന്വേഷിക്കണം. ലൈഫ് മിഷൻ ദൗത്യ സേന പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നും താൻ രാജി വെച്ചു എന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം എന്നത് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സിബിഐ അന്വേഷിക്കണം. ലൈഫ് മിഷൻ ദൗത്യ സേന പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നും താൻ രാജി വെച്ചു എന്നും ചെന്നിത്തല പറഞ്ഞു.

പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻ പോലും സർക്കാർ തയ്യാറായില്ല. 
സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ രാജി. രാജിക്കത്ത് നൽകിയിട്ടുണ്ട്. 

ഇ-മൊബിലിറ്റി പദ്ധതിയിൽ തന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു.  കൺസൾട്ടൻസി കമ്പനിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കിയത് തെളിവാണ്. ഒരു മാസത്തിനകം റിപ്പോർട് നൽകിയില്ല എന്ന കാരണം കാട്ടിയാണ് ഒഴിവാക്കൽ. ഇത്  മുടന്തൻ ന്യായമാണ്. ഇക്കാര്യം പറഞ്ഞ് സർക്കാർ തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്. 

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറവാണെന്നത് മേന്മയായി കാണാൻ ആവില്ല. പ്രതിപക്ഷ സമരങ്ങൾ ആണ് രോ​ഗവ്യാപനത്തിന് കാരണം എന്നാണല്ലോ സർക്കാർ ആരോപണം. മുഖ്യമന്ത്രി കിട്ടിയ ഏതു വടി കൊണ്ടും പ്രതിപക്ഷത്തെ അടിക്കാൻ ശ്രമിക്കുകയാണ്. പരമാവധി നിയന്ത്രണങ്ങൾ പാലിച്ചാണ് സമരം. കൊവിഡ് പ്രതിരോധം പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടി വെക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

 

click me!