
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങൾ പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്തത് ദുരൂഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍.ഡി എഫ് കണ്‍വീനറും സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ഇ.പി. ജയരാജൻ ഒന്നാം പിണറായി സർക്കാരിലെ രണ്ടാമനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇ.പിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരക്ഷരം പറയാൻ കഴിയാത്തത് പാർട്ടിയുടെയും സർക്കാരിൻ്റെയും ജീർണ്ണത വെളിവാക്കുന്നതാണ്. അഴിമതിയിൽ മുങ്ങിക്കളിച്ചു നിൽക്കുന്ന പിണറായി ഇ.പി.ക്കെതിരായ പരാതി ഇത്രയും കാലം കൈയിൽ വെച്ചുകൊണ്ടിരുന്നുവെന്നത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. പരാതി തേച്ചു മായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൻ്റെ അഴിമതികൾ ഏറെയും മുഖ്യമന്ത്രിയും അന്ന് മന്ത്രിയായിരുന്ന ഇ.പിയും അറിഞ്ഞുകൊണ്ടുതന്നെയാണ്. അതിനാലാണ് ഇ.പിക്കെതിരെ ഇത്ര കടുത്ത ആരോപണം ഉയർന്നിട്ടും പിണറായി മൗനം പാലിക്കുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് സത്യം പറയണം. ഇ പി ക്കെതിരെ പി ജയരാജൻ പാർട്ടി യോഗത്തിൽ ഉന്നയിച്ച ആരോപണം സംബന്ധിച്ച വസ്തുതകൾ തുറന്നുപറയാതെ മുഖ്യമന്ത്രിക്ക് അധികനാൾ മുന്നോട്ടു പോകാനാവില്ല. പിണറായി സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും അതിന്‍റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്‍റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറി. അതിൻ്റെ തുടർച്ചയാണ് ഇ. പിക്കെതിരായ ഗുരുതര ആരോപണത്തിൻ്റെ മേൽ യാതൊരു നടപടിയുമില്ലാതെ പിണറായി ഇരുട്ടിൽ തപ്പുന്നതെന്ന് വ്യക്തമാണ് ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam