
തിരുവനന്തപുരം: മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.വർഷം തോറും മദ്യവില കൂട്ടി മദ്യകമ്പനികളെ സഹായിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെങ്കിലും, സമാന്തരമായി സർക്കാർ ഖജനാവിലേക്ക് വൻ തുകയാണ് സമാഹരിക്കുന്നത്. ലോകത്തൊരിടത്തും ഇല്ലാത്ത 250 ശതമാനം വരെ മദ്യനികുതി കേരളത്തിൽ വാങ്ങുമ്പോൾ, മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി ഭക്ഷ്യവസ്തുക്കളുടെ നികുതിയായ പത്തുശതമാനത്തിൽ താഴെയാണ്.
മദ്യവിലയും നികുതിയും മുപ്പതു വർഷത്തിനുള്ളിൽ ഭീമമായി കൂട്ടിയെങ്കിലും മദ്യ വില്പനയും ഉപഭോഗവും കുറഞ്ഞിട്ടില്ലെന്നാണ് സർക്കാർ കണക്ക്. മദ്യവില താങ്ങാനാവാത്തതിനാൽ വില കുറഞ്ഞ വീര്യം കൂടിയ അനാരോഗ്യകരമായ മറ്റു ലഹരി പദാർത്ഥങ്ങളുടെ വ്യാജ വില്പന കേരളമാകെ വർദ്ധിച്ചിരിക്കുകയാണ്.ലഹരിമുക്ത കേരളം ലക്ഷ്യമാക്കി വിമുക്തി എന്ന മിഷൻ സർക്കാർ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഹാനികരമായ മയക്കുമരുന്നു വില്പന തടയാൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും നടത്തുന്നില്ല. സ്കൂൾ വിദ്യാർത്ഥികൾ പോലും ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്ന ഭയാനകമായ അവസ്ഥയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam